മദ്‌റസ അധ്യാപകര്‍ക്ക് ധനസഹായം: സര്‍ക്കാര്‍ വാക്കുപാലിക്കണമെന്ന് സുന്നി യുവജനവേദി
മറ്റു മേഖലകളിലുള്ളവര്‍ക്കെല്ലാം സഹായം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായപ്പോള്‍ ഫണ്ട് ലഭ്യമല്ലെന്ന കാരണം പറഞ്ഞ് മുഅല്ലിമീംകള്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
മലപ്പുറം: മദ്‌റസ അധ്യാപകര്‍ക്ക് മുഅല്ലിം ക്ഷേമനിധിയില്‍നിന്നും 2,000 രൂപ വീതം ധനസഹായം നല്‍കുമെന്നുള്ള പ്രഖ്യാപനം അടിയന്തരമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നു സുന്നി യുവജനവേദി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡ് മൂലം ജോലിയില്ലാതെവരികയും സാമ്പത്തികരംഗം പൂര്‍ണമായും താറുമാറാവുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപനം വലിയ പ്രതീക്ഷയോടെയാണ് മദ്‌റസാ ജീവനക്കാര്‍ കണ്ടത്.
ക്ഷേമനിധിയില്‍ അംഗങ്ങളായ മുപ്പതിനായിരത്തോളം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. എന്നാല്‍, മറ്റു മേഖലകളിലുള്ളവര്‍ക്കെല്ലാം സഹായം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായപ്പോള്‍ ഫണ്ട് ലഭ്യമല്ലെന്ന കാരണം പറഞ്ഞ് മുഅല്ലിമീംകള്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. റമദാന്‍ നാളുകളും ഒപ്പം ചെറിയ പെരുന്നാളും അടുത്ത സാഹചര്യത്തില്‍ അടിയന്തരമായി ധനസഹായം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് സംസ്ഥാന സെക്രട്ടറി മരുത അബ്ദുല്‍ ലത്തീഫ് മൗലവി ആവശ്യപ്പെട്ടു.