സര്‍ക്കാര്‍ യോഗത്തിനെത്തിയ മദ്‌റസ അധ്യാപകര്‍ക്ക് മുറി നിഷേധിച്ചു

Update: 2020-09-22 17:30 GMT
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയ മദ്‌റസ അധ്യാപകര്‍ക്ക് ഗസ്റ്റ് ഹൗസില്‍ മുറി നിഷേധിച്ചു. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് പ്രദേശത്തെ സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്‌റസകളിലെ 10 അധ്യാപകര്‍ക്ക് താമസ സൗകര്യം നിഷേധിച്ചത്. ഇവരില്‍ എട്ടുപേര്‍ മാല്‍ഡയിലെ വിവിധ മദ്‌റസകളിലെ പ്രധാനാധ്യാപകരാണ്. സംഭവത്തില്‍ അധ്യാപകര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മതപരമായ കാരണങ്ങളാല്‍ അതിഥികളോട് വിവേചനം കാണിച്ചെന്നാരോപിച്ച് സിഎല്‍ 164 ഗസ്റ്റ്ഹൗസിലെ മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്തതായി ബിധന്നഗര്‍ പോലിസ് കമ്മീഷണറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

    ഗസ്റ്റ്ഹൗസില്‍ അധ്യാപകര്‍ക്ക് മുന്‍കൂട്ടി ബുക്കിങ് ഉണ്ടായിരുന്നു. എന്നാല്‍, അധ്യാപകര്‍ രാവിലെ ഇവിടെയെത്തിയപ്പോള്‍ ആദ്യം അവരെ മൂന്ന് മണിക്കൂറോളം കാത്തിരിക്കാന്‍ പറഞ്ഞു. തുടര്‍ന്ന് ഒരു മണിക്കൂര്‍ ചെക്ക് ഇന്‍ കഴിഞ്ഞപ്പോള്‍ മുറികള്‍ വിട്ട് മറ്റൊരു അതിഥിമന്ദിരത്തിലേക്ക് പോവാന്‍ ആവശ്യപ്പെടുകയും താമസ സൗകര്യം നിഷേധിക്കുകയുമായിരുന്നുവെന്ന് കൊല്‍ക്കത്ത പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കി. മതം കാരണം തങ്ങള്‍ക്ക് മുറി നിഷേധിച്ചതായി അധ്യാപകര്‍ പോലിസിന് പരാതി നല്‍കിയപ്പോള്‍ ഗസ്റ്റ് ഹൗസ് ഉടമ ആരോപണം നിഷേധിക്കുകയും ഇതൊരു തെറ്റിദ്ധാരണ മാത്രമാണെന്ന് പറയുകയും ചെയ്തു. പശ്ചിമ ബംഗാളിലെ മദ്‌റസ അധ്യാപകരുടെ കൂട്ടായ്മയായ ശിക്ഷക് ഓക്യോ മുക്തോ മഞ്ചും പോലിസില്‍ പരാതി നല്‍കി.

    മുറി നിഷേധിക്കാനുള്ള കാരണം കേട്ട് ഞങ്ങള്‍ അമ്പരന്നുപോയെന്ന് അധ്യാപകര്‍ ടെലിഗ്രാഫിനോട് പറഞ്ഞു. ജോലിയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ നേരത്തേ കൊല്‍ക്കത്തയില്‍ വന്നിരുന്നു. സാധാരണയായി അത്തരം ലോഡ്ജുകളിലാണ് താമസിക്കാറുണ്ടായിരുന്നത്. ലോക്ക്ഡൗണ്‍ കാരണം നിരവധി മാസങ്ങള്‍ക്കു ശേഷമാണ് ഇത്തവണ ഞങ്ങള്‍ എത്തിയത്. ഇതിനുമുമ്പ് ഞങ്ങള്‍ ഒരു പ്രശ്‌നവും നേരിട്ടിട്ടില്ല. ബംഗാളില്‍ ഇത് സംഭവിക്കുമെന്ന് കരുതുന്നത് ഞങ്ങളുടെ മനസ്സിനെ തകര്‍ക്കുന്നുവെന്ന് മാല്‍ഡയിലെ കലിയാചൗക്കിലെ അലിപൂര്‍ മദ്‌റസ ശിക്ഷാ കേന്ദ്രത്തിന്റെ പ്രധാനാധ്യാപകനായ മഹ്ബുബുര്‍ റഹ്മാന്‍ പറഞ്ഞു. ഗസ്റ്റ് ഹൗസുകാരുടെ നിലപാട് കാരണം ബികാഷ് ഭവനിനടുത്തുള്ള ഈസ്റ്റ് വെസ്റ്റ് മെട്രോ(ഓവര്‍ഹെഡ് ട്രാക്കുകള്‍ക്ക് താഴെയുള്ള നിലം)യ്ക്കു കീഴില്‍ അധ്യാപകര്‍ക്ക് അഭയം തേടേണ്ടിവന്നു.

10 Madrasa Teachers Driven Out of Kolkata Guest House, Denied Accommodation in Another As Well




Tags:    

Similar News