അട്ടിമറി ശ്രമത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഇറാന്‍ മാധ്യമപ്രവര്‍ത്തകനെ തൂക്കിലേറ്റി

ഭരണകൂടത്തിലെ അഴിമതിയെ കുറിച്ചുള്ള റൂഹുല്ലാ സാമിന്റെ പരിപാടികള്‍ ലക്ഷക്കണക്കിനു പേരെ ആകര്‍ഷിച്ചിരുന്നു.

Update: 2020-12-12 08:58 GMT

ടെഹ്‌റാന്‍: 2017 ല്‍ രാജ്യവ്യാപകമായി സാമ്പത്തിക പ്രതിഷേധത്തിന് പ്രചോദനമായ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനെ വധശിക്ഷക്ക് വിധേയനാക്കിയതായി ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന അറിയിച്ചു. ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന അമാദ് ന്യൂസ് ഫീഡിന്റെ എഡിറ്റര്‍ റൂഹുല്ലാ സാമിനെ ശനിയാഴ്ച പുലര്‍ച്ചെയാണ് സര്‍ക്കാര്‍ തൂക്കിലേറ്റിയത്. കഴിഞ്ഞ ജൂണില്‍ സാമിനെ കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. ചാരവൃത്തി, ഇറാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയാണ് അദ്ദേഹത്തിനെതിരില്‍ ചുമത്തിയത്. വിപ്ലവ കോടതി പുറപ്പെടുവിച്ച വധശിക്ഷ ഇറാന്‍ സുപ്രീം കോടതി ശരിവച്ച് നാല് ദിവസത്തിന് ശേഷമാണ് റൂഹുല്ലാ സാമിനെ വധശിക്ഷക്ക് വിധേയനാക്കിയത്.


യുഎസ് ദേശീയ സുരക്ഷാ ഏജന്‍സിയില്‍ നിന്നും മറ്റ് വിദേശ രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ നിന്നുമുള്ള ഏജന്റുമാരുമായി സാം നേരിട്ട് ബന്ധപ്പെടുന്നതായി അധികൃതര്‍ ആരോപിച്ചു. 2017ല്‍ രാജ്യത്തുണ്ടായ അട്ടിമറി ശ്രമങ്ങളില്‍ പങ്കുണ്ടെന്ന് അദ്ദേഹം സമ്മതിച്ചുവെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. എന്നാല്‍ ഉദ്യോഗസ്ഥരിലെ അഴിമതി ഉള്‍പ്പടെയുള്ള വിവരങ്ങളാണ് റൂഹുല്ലാ സാം പുറത്തു കൊണ്ടുവന്നിരുന്നത്. ഭരണകൂടത്തിലെ അഴിമതിയെ കുറിച്ചുള്ള റൂഹുല്ലാ സാമിന്റെ പരിപാടികള്‍ ലക്ഷക്കണക്കിനു പേരെ ആകര്‍ഷിച്ചിരുന്നു.




Tags:    

Similar News