മുനമ്പം ഭൂമി വഖഫ് ഭൂമിയല്ല; വി ഡി സതീശന്‍
ഫാറൂഖ് കോളജ് മാനേജ്മെന്റ് ഈ ഭൂമി ഉപയോഗിച്ചില്ലെങ്കില്‍ തിരിച്ചുകൊടുക്കണമെന്ന് പറയുന്നുണ്ട്. വഖഫില്‍ അങ്ങനെ നിബന്ധന പാടില്ല
പാലക്കാട്: മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ആളുകള്‍ താമസിക്കുന്ന ഭൂമി വഖഫ് ഭൂമിയാക്കാന്‍ പറ്റില്ല. ഫാറൂഖ് കോളജ് മാനേജ്മെന്റ് ഈ ഭൂമി ഉപയോഗിച്ചില്ലെങ്കില്‍ തിരിച്ചുകൊടുക്കണമെന്ന് പറയുന്നുണ്ട്. വഖഫില്‍ അങ്ങനെ നിബന്ധന പാടില്ല. അതുകൊണ്ട് തന്നെ ഇത് വഖഫ് ഭൂമിയാണെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വിഷയത്തില്‍ ഒളിച്ചുകളി നടത്തരുതെന്നും, എങ്കില്‍ സര്‍ക്കാറിന്റെ കൂടെ തങ്ങള്‍ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഎസ് സര്‍ക്കാരിന്റെ കാലത്ത് നിസാര്‍ കമ്മീഷനാണ് ഇത് വഖഫ് ഭൂമിയാണെന്ന് ആദ്യം പറഞ്ഞത്. തങ്ങള്‍ ആഴത്തില്‍ പഠിച്ചിട്ടില്ലെന്നും അതേ കമ്മീഷന്‍ തന്നെ വ്യക്തമാക്കിയിരുന്നു. പിന്നീട് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലെന്നും 2021ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് പ്രശ്നം വീണ്ടും ഉയര്‍ന്നു വന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാര്‍ വിഷയത്തെ വര്‍ഗീയമാക്കി കൂടുതല്‍ വഷളാക്കുകയാണെന്നും സതീശന്‍ വ്യക്തമാക്കി.