'കേരളം ഭരിക്കുന്നത് ഹിന്ദുത്വ ഇടതു മുന്നണിയോ?'; സംസ്ഥാന സര്‍ക്കാരിനെതിരേ ജിദ്ദ ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2021-09-04 12:28 GMT

ജിദ്ദ: രണ്ടാം പിണറായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന നയങ്ങളും പരിപാടികളും ഹിന്ദുത്വ ഫാഷിസ്റ്റു അജണ്ട നടപ്പിലാക്കാനാണ് എന്നത് കേവലം സംശയമല്ലെന്ന് വെളിവാക്കുന്ന നടപടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്ലസ് ടു തുല്യത പരീക്ഷയില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളെ അവഹേളിക്കുന്ന വിധം ചോദ്യമുള്‍പ്പെടുത്തിയതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്‌റ്റേറ്റ് കമ്മിറ്റി യോഗം.

ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സംരക്ഷകരായി ഗീര്‍വാണം മുഴക്കി അവരുടെ വോട്ടു കൊണ്ട് അധികാരം നേടുകയും അവര്‍ക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട വിദ്യാഭ്യാസ, തൊഴില്‍ അവകാശങ്ങള്‍ ഹനിക്കുകയും ചെയ്യുന്ന നടപടികള്‍ ഇടതു സര്‍ക്കാര്‍ തുടരുന്ന സവര്‍ണ പ്രീണനത്തിന്റെ ഭാഗമാണ്. ന്യൂനപക്ഷങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണിയാണെന്ന് വരുത്തിത്തീര്‍ക്കുന്ന ഇടതുനയം സംഘ പരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും യോഗം ആരോപിച്ചു.

കേരളത്തിലേക്ക് കോടിക്കണക്കിനു രൂപയുടെ കള്ളപ്പണമൊഴുക്കിയ ഫാഷിസ്റ്റ് ശക്തികളുടെ പേരിലുള്ള കേസുകളും കള്ളനോട്ടു കേസുകളും അട്ടിമറിച്ചു സംഘപരിവാര്‍ നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പിണറായി സര്‍ക്കാര്‍ വിദ്യാഭ്യാസവകുപ്പിലും ന്യൂനപക്ഷ വിരുദ്ധത നടപ്പാക്കുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ വൈകാരിക പ്രസ്താവനകളിലൂടെ മുതലെടുപ്പ് നടത്തുന്ന സി.പി.എം തന്ത്രം ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയണമെന്ന് യോഗം ആഹ്വാനം ചെയ്തു.

രാജ്യത്ത് ഹിന്ദുത്വ ഭരണകൂടം നടപ്പാക്കാനൊരുങ്ങിയ പൗരത്വ നിഷേധത്തിനെതിരെ സംസ്ഥാനത്ത് സമാധാനപരമായി സംഘടിപ്പിച്ച സമരക്കാരെ പ്രതികളാക്കി ചാര്‍ജ് ചെയ്ത നൂറുക്കണക്കിന് കേസുകള്‍ പിന്‍വലിക്കുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് പ്രസംഗിച്ചു നടന്ന പിണറായി അടക്കമുള്ളവര്‍ ഭരണത്തിലേറി മാസങ്ങള്‍ കഴിഞ്ഞിട്ടും വാക്കുപാലിക്കാതെയിരിക്കുന്നത് കടുത്ത വഞ്ചനയാണ്. സംസ്ഥാനത്ത് സംഘപരിവാര ഭീകരര്‍ പ്രതികളാകുന്ന രാജ്യദ്രോഹ കുറ്റങ്ങളുള്‍പ്പടെയുള്ള കേസുകളില്‍ സര്‍ക്കാരും പോലിസും കൈക്കൊള്ളുന്ന മൃദുല സമീപനങ്ങളും വിവേചനവും സമൂഹം തിരിച്ചയേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. 

സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്‌റ്റേറ്റ് പ്രസിഡണ്ട് ഹനീഫ കടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കോയിസ്സന്‍ ബീരാന്‍കുട്ടി, റാസി കൊല്ലം, സമീര്‍ പൂനൂര്‍, ശരീഫ് മക്ക, ഷാഹുല്‍ ഹമീദ്, ജംഷീദ് ചുങ്കത്തറ, റഫീഖ് പഴമള്ളൂര്‍, അഹ്മദ് ആനക്കയം തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    

Similar News