ഇസ്‌ലാമിക വിജ്ഞാനകോശം 13ാം വാല്യം: പൈതൃക സംരക്ഷണത്തിനുള്ള ഉറച്ച കാല്‍വയ്പ്
ഡോ. എ.ബി. മൊയ്തീന്‍കുട്ടി
കേരളത്തില്‍ ഇസ്‌ലാമിക കൃതികളുടെ പ്രസാധനത്തിനു മുക്കാല്‍ നൂറ്റാണ്ട് മുമ്പു വ്യവസ്ഥാപിതമായി തുടക്കമിട്ട സ്ഥാപനമാണ് ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ്. ഐ.പി.എച്ചിന്റെ ഏറ്റവും വലിയ സംരംഭമാണ് ഇസ്ലാമിക വിജ്ഞാനകോശം. 'താഅ്' മുതല്‍ 'ദാഹിസ്' വരെ വിജ്ഞാനത്തിന്റെ വിവിധതല സ്പര്‍ശികളായ 1200ഓളം ശീര്‍ഷകങ്ങള്‍ ഉള്‍ക്കൊള്ളുന്ന അതിന്റെ 13ാം വാല്യം വായനക്കാരുടെ കൈകളില്‍ എത്തിയിട്ട് അധിക നാളായിട്ടില്ല. ഈ വാല്യം അതിന്റെ സാകല്യത്തില്‍ പരിശോധിച്ചാല്‍ യുക്തിസഹം, നീതിപൂര്‍വകം, സന്തുലിതം, ആധികാരികം എന്നിങ്ങനെ പറയാവുന്നതാണ്.
ചരിത്രത്തിലൂടെ
ശാസ്ത്രീയമായി ക്രോഡീകരിച്ചില്ലെങ്കില്‍ വിസ്മൃതമായി പോവുമായിരുന്ന അനവധി കാര്യങ്ങള്‍ 13ാം വാല്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ വാല്യം ചരിത്രപുസ്തകമാവുന്ന ഒരുപാടു സന്ദര്‍ഭങ്ങളുണ്ട്. ചിലപ്പോഴത് സ്ഥലനാമ ചരിത്ര ഗ്രന്ഥമാവും. മറ്റുചിലപ്പോള്‍ ജീവചരിത്രവും. വേറെ ചിലപ്പോള്‍ സാംസ്‌കാരിക പഠനവും രാഷ്ട്രീയവും നരവംശ ശാസ്ത്രവും എത്തനോഗ്രഫിയും.
മധ്യപൗരസത്യദേശത്തെ വന്‍ശക്തിയായ തുര്‍ക്കിയെ സംബന്ധിച്ച വിശദമായ പഠനം ഈ വാല്യത്തിന്റെ സവിശേഷതയാണ്. നാമോല്‍പ്പത്തി, ചരിത്രം, ഭൂമിശാസ്ത്രം, സമ്പദ്‌വ്യവസ്ഥ, ജനങ്ങള്‍, സംസ്‌കാരം, രാഷ്ട്രീയം എന്നിങ്ങനെ വ്യത്യസ്ത തലക്കെട്ടുകളിലായി തുര്‍ക്കിയുടെ ഉദ്ഭവം മുതല്‍ ഉര്‍ദുഗാന്റെ നാളുകള്‍ വരെയുള്ള വിശേഷങ്ങള്‍ കോര്‍ത്തിണക്കിവച്ചിരിക്കുന്നു. തുര്‍ക്കിയുടെ ഗ്രീക്ക് വല്‍ക്കരണത്തില്‍ തുടങ്ങി എകെ പാര്‍ട്ടി രൂപീകരണത്തില്‍ അവസാനിക്കുന്ന രാഷ്ട്രീയ ചരിത്രം ആധികാരികമായി പ്രതിപാദിക്കുന്ന രീതി ഏറെ ആകര്‍ഷകമാണ്. മുസ്‌ലിം സംസ്‌കാരത്തിന്റെയും കലയുടെയും യൂറോപ്യന്‍ പ്രതിനിധാനങ്ങളും അവിഭാജ്യ ഘടകങ്ങളുമായ ഹാഗ്യസോഫിയ മസ്ജിദ്, സുല്‍ത്താന്‍ അമര്‍ മോസ്‌ക്, ടോപ് കാപ്പി കൊട്ടാരം, എന്തിനധികം ഇസ്താംബൂള്‍ നഗരം തന്നെ അതിന്റെ മഴവില്‍ അഴകോടെ ഇസ്‌ലാമിക വിജ്ഞാനകോശത്തിന്റെ 13ാം വാല്യത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
അറബ് വസന്തത്തിന്റെ മടിത്തട്ടും ഉത്തരാഫ്രിക്കന്‍ രാജ്യവുമായ തുണീസ്യയും മധേഷ്യന്‍ മുസ്‌ലിം റിപബ്ലിക്കായ താജികിസ്താന്‍, മധ്യേഷ്യന്‍ സ്വയംഭരണ പ്രദേശങ്ങളായ തുര്‍ക്‌മെനിസ്താന്‍, ദാഗിസ്താന്‍ എന്നിവയെ കുറിച്ചും വിശദീകരിക്കപ്പെട്ടിരിക്കുന്നു. അവയ്ക്കപ്പുറം, തായ്‌ലന്‍ഡ്, തായ്‌വാന്‍, തിബത്ത്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ മുസ്‌ലിം ജനതയുടെ ആവിര്‍ഭാവവും വികാസവുമറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ വാല്യം ഉപകരിക്കും. താഷ്‌ക്കന്റ്, തിഫ്‌ലിസ്, തിബ്‌രീസ്, തിര്‍മിദ്, തുര്‍കിസ്താന്‍, തെഹ്‌റാന്‍, ത്വൂസ്, ദമ്മാജ്, ദമ്മാം, ദാറുസ്സലാം, ദാര്‍ഫൂര്‍, ഡല്‍ഹി മുതലായ ദേശീയവും അന്തര്‍ദേശീയവുമായ മുസ്‌ലിം പൈതൃകവുമായി ബന്ധപ്പെട്ട സ്ഥലനാമങ്ങള്‍ പരിചയപ്പെടാനും ഈ വാല്യത്തിലൂടെ സാധിക്കും. കേരളവുമായി ബന്ധപ്പെട്ടു താത്തൂര്‍, താനൂര്‍, താമരശ്ശേരി, തായിക്കാട്ടുകര, താഴത്തങ്ങാടി, താഴെക്കോട്, തിക്കോടി, തിരുവനന്തപുരം, തിരൂരങ്ങാടി, തിരൂര്‍, തുവ്വൂര്‍, തൃക്കരിപ്പൂര്‍, തൃത്താല, തൃപ്പനച്ചി, തൃശൂര്‍, തൊടുപുഴ, തോട്ടുമുഖം എന്നീ പ്രദേശങ്ങളിലെ മുസ്‌ലിം ഉദ്ഭവ വ്യാപന ചരിത്രവും ഒതുക്കി വിവരിച്ചിട്ടുണ്ട്. 13ാം വാല്യത്തില്‍ ഗതകാല ചരിത്രത്തില്‍ ഇന്ത്യയില്‍ ഇസ്‌ലാം വ്യാപിച്ച പ്രദേശങ്ങളായ തേങ്ങാപട്ടണം, തിരുവിതാംകൂര്‍, തിരുവിതാംകോട് എന്നിവയും ശീര്‍ഷകങ്ങളായി വരുന്നു.
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ വാസ്തുശില്‍പ്പ വിസ്മയവും ലോകാദ്ഭുതങ്ങളില്‍ ഒന്നുമായ താജ്മഹല്‍, ഭോപാല്‍ താജുല്‍ മസ്ജിദ്, ഇസ്‌ലാമിക ചരിത്രത്തെയും കൃതികളെയും പരിചയപ്പെടുത്തുന്ന താരീഖ്, മനുഷ്യര്‍ക്കു രോഗശമനവും പാനീയവുമായി പ്രയോജനപ്പെടുന്ന തേനും തേനീച്ചയും മൂസാനബിക്ക് അവതീര്‍ണമായ വേദം തൗറാത്ത്, ഇസ്ലാമിന്റെ അടിസ്ഥാന ആദര്‍ശമായ തൗഹീദ്, ക്രിസ്തുമത ദൈവസങ്കല്‍പ്പത്തിന്റെ മര്‍മമായ ത്രിയേകത്വം, ഇന്ത്യയിലെ ആദ്യത്തെ വ്യവസ്ഥാപിത ഭരണകൂടമായ ഡല്‍ഹി സുല്‍ത്താനേറ്റ്, പ്രമുഖ മുസ്‌ലിം മതപഠന കേന്ദ്രമായ ദയൂബന്ദ് ദാറുല്‍ഉലൂം, ഇസ്‌ലാമിക രാഷ്ടടമീമാംസാ സംജ്ഞകളായ ദാറുല്‍ അഹ്ദ്, ദാറുല്‍ ഇസ്ലാം, ദാറുല്‍ കുഫ്‌റ്, ദാറുല്‍ ബഗ്‌യ്, സൂഫിസത്തിന്റെ ഭാഗമായ ത്വരീഖത്ത്, ദക്ഷിണേന്ത്യയിലെ ഡക്കാന്‍, ദക്‌നികള്‍ തുടങ്ങിയവയാണ് ഈ വാല്യത്തിലെ മറ്റു പ്രധാന ശീര്‍ഷകങ്ങള്‍. തീവ്രവാദം, ത്വലാഖ്, തൊഴില്‍ എന്നിവയെക്കുറിച്ചുള്ള ഇസ്‌ലാമിക കാഴ്ചപ്പാട് വിവരിക്കുന്ന ശീര്‍ഷകങ്ങള്‍ ഈ വാല്യത്തിലെ മികച്ച പഠനങ്ങളാണ്. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയെയും പോഷകഘടകങ്ങളെയും കുറിച്ചു വിശദമായി പ്രതിപാദിച്ചിരിക്കുന്നു. രാജവംശങ്ങളായ തുഗ്ലഖുകള്‍, ത്വാഹിരികള്‍, ത്വൂലൂനികള്‍, തിമൂരികള്‍, ദാനിശ്മന്ദികള്‍, തുര്‍ക്കികള്‍, താര്‍ത്താരികള്‍, തുര്‍കുമാനികള്‍, താജിക്കുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരണങ്ങള്‍ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഏറെ ഉപകാരപ്രദമാണ്. ദാറൂല്‍ ഉലൂം അറബിക് കോളജ് വാഴക്കാട്, ദാറുല്‍ ഹുദാ ചെമ്മാട്, ദാറുസ്സലാം അറബിക് കോളജ് നന്തി, ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍ കരുവാരക്കുണ്ട്, തലശ്ശേരി ദാറുസ്സലാം ഓര്‍ഫനേജ്, പേരാമ്പ്ര ദാറുന്നുജൂം ഓര്‍ഫനേജ്, പുല്ലേപ്പടി ദാറുല്‍ ഉലൂം അറബിക് കോളജ് എന്നീ കേരള മുസ്‌ലിം ചരിത്രത്തില്‍ ഇടംനേടിയ സ്ഥാപനങ്ങളെക്കുറിച്ച വിശദ വിവരങ്ങള്‍ ഏങ്കോണിപ്പില്ലാതെ അവതരിപ്പിച്ചതും ഈ വാല്യത്തിന്റെ പ്രത്യേകതയാണ്.
വ്യക്തികളുടെ നഖചിത്രങ്ങള്‍
മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ നിരവധി പേരുടെ വ്യക്തിചിത്രങ്ങള്‍ ഈ വാല്യത്തെയും സമ്പന്നമാക്കുന്നു. അവരില്‍ ഇസ്രായേലി രാജാവ് ത്വാലൂത്ത്, പ്രമുഖ സ്വഹാബി ത്വല്‍ഹതുബ്‌നു ഉബൈദില്ലാ, ഇമാം ത്വബരി, സ്‌പെയിന്‍ ജേതാവി ത്വാരിഖ് ഇബ്‌നു സിയാദ്, താബിഈ പണ്ഡിതന്‍ ത്വാവുസ് ഇബ്‌നു കൈസാന്‍, ചരിത്രകാരനും ഹദീസ് പണ്ഡിതനുമായ ഇമാം ദഹബി, ഹദീസ് പണ്ഡിത•ാരായ ദാറഖുത്വ്‌നി, ദാരിമി, മധ്യേഷ്യന്‍ പടനായകന്‍ തിമൂര്‍, ധൈഷണിക പ്രതിഭകളായ ത്വാഹിര്‍ മഹ്‌മൂദ്, ത്വാഹാ ജാബിര്‍ അല്‍വാനി, ദര്‍റാസ് അബ്ദുല്ലാ ഇബ്‌നു മുഹമ്മദ്, ദര്‍റാസ് മുഹമ്മദ് അബ്ദുല്ല എന്നിവര്‍ പ്രത്യേകം പ്രസ്താവ്യമാണ്. അറബി സാഹിത്യ പ്രതിഭകളായ ത്വാഹാ ഹുസയ്ന്‍, തൗഫീഖ് അല്‍ ഹകീം, ത്വയ്യിബ് സാലിഹ് തുടങ്ങിയവരുടെ ജീവചരിത്രക്കുറിപ്പുകളുമുണ്ട്. ബിരുദ ബിരുദാനന്തര തലത്തിലെ വിദ്യര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുംവിധമാണ് ഈ മൂന്നു കൃതഹസ്തരെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നത്. 485 മുതല്‍ 492 വരെയുള്ള പേജുകളില്‍ ത്വാഹാ ഹുസയ്‌നെക്കുറിച്ച സാമാന്യം സുദീര്‍ഘമായ പഠനം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ത്വാഹാ ഹുസയ്‌ന്റെ പ്രധാന കൃതികളുടെ മുഖചിത്രവും നല്‍കിയിട്ടുണ്ട്. ത്വയ്യിബ് സാലിഹിനെ കുറിച്ച (402) ലേഖനം സുഡാനി അറബി നോവലിസ്റ്റിനെക്കുറിച്ച വസ്തൂനിഷ്ഠമായ വിവരണമാണ്. ത്വറഫ (412:14)യെക്കുറിച്ച ലേഖനം ജാഹിലിയ്യ കവി ജീവിതത്തെ സംബന്ധിച്ച ഏകദേശ ചിതം നല്‍കും. അദ്ദേഹത്തിന്റെ കാവ്യത്തിന്റെ ഒരു ഭാഗം മലയാള വിവര്‍ത്തനം ചെയ്തു ചേര്‍ത്തിട്ടുണ്ട് (414).
ചില തലക്കെട്ടുകള്‍
വിജ്ഞാനകോശത്തിന്റെ 13ാം വാല്യം ചരിത്രഗ്രന്ഥം കൂടിയാണെന്നു മനസ്സിലാക്കാന്‍ വിവരിക്കപ്പെട്ട ചില തലക്കെട്ടുകള്‍ ശ്രദ്ധിച്ചാല്‍ മതി. താരിഖൂത്ത്വബരി, താരീഖു ഇബിനി ഖല്‍ദുന്‍, അത്ത്വബഖാതുല്‍ കുബ്‌റാ, ത്വബഖാതൂശ്ശാഫിഇയ്യതില്‍ കുബ്‌റാ, താരീഖു ദിമശ്ഖ്, താരിഖു ആദാബില്ലുഗതില്‍ അറബിയ്യ തുടങ്ങിയവ അവയില്‍ ചിലതു മാത്രം. ഇന്ത്യയുടെ മധ്യകാല ചരിത്രത്തിന്റെ ആധികാരിക രേഖകളായ ളിയാഉദ്ദീന്‍ ബര്‍നിയുടെയും അഫീഫിയുടെയും 'താരീഖെ ഫീറുസ് ഷാഹി', അബുല്‍ ഖാസിം ഫിരിശ്തയുടെ 'താരീഖെ ഫിരിശ്ത' മുതലായ ഗ്രന്ഥങ്ങള്‍ പരിചയപ്പെടേണ്ട കൃതികളാണെന്നു പ്രസ്തുത ശീര്‍ഷകങ്ങളിലെ പഠനങ്ങള്‍ സാക്ഷി. മുഗള്‍ ചക്രവര്‍ത്തിമാരായ ബാബര്‍, ജഹാന്‍ഗീര്‍ എന്നിവരുടെ ആത്മകഥാവിഷ്‌കാരങ്ങളായ 'തുസുകെ ബാബരി', 'തുസുകെ ജഹാന്‍ഗീരി' എന്നിവയെക്കുറിച്ചും വിവരണങ്ങള്‍ കാണാം. സൈനുദ്ദീന്‍ മഖ്ദൂമിന്റെ 'തുഹ്ഫത്തുല്‍ മുജാഹിദീന്‍', നഈം സിദ്ദീഖിയുടെ 'തിറാഹാ' തുടങ്ങിയ ഗ്രന്ഥങ്ങളെക്കുറിച്ചും സംക്ഷിപ്ത വിവരണം നല്‍കിയിട്ടുണ്ട്. ശെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ 'തുഹ്ഫത്തുല്‍ മുജാഹിദീ'നെക്കുറിച്ച വിവരണങ്ങള്‍ പേജ് (256) അതീവ ഹ്രസ്വമായിപ്പോയി. 'തുഹ്ഫത്തുല്‍ മുജാഹിദീ'ന്റെ ചരിത്ര പ്രാധാന്യത്തിനനുസരിച്ച സ്ഥലം അനുവദിക്കാതെ പോയത് ഒരു പരിമിതിയാണ്.
പഠനങ്ങളിലെ സമഗ്രത
ഇസ്‌ലാമിക വിജ്ഞാനകോശത്തിന്റെ നിലപാട് ഉള്‍ക്കൊള്ളലിന്റേതാണ്, ഒഴിവാക്കലിന്റേതല്ല. പൊതുവിവരങ്ങള്‍ മുതല്‍ പ്രമുഖ വ്യക്തികള്‍ വരെയുള്ള 11 മുഖ്യ ഉപശീര്‍ഷകങ്ങള്‍. ഉദാഹരണത്തിനു മത സാംസ്‌കാരിക രംഗം എന്ന ഉപശീര്‍ഷകത്തെ മുസ്‌ലിം ജമാഅത്തുകള്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, തബ്‌ലീഗ് ജമാഅത്ത്, സമസ്ത കേരള ജംഇഅത്തുല്‍ ഉലമ, ജമാഅത്തെ ഇസ്‌ലാമി, കെ.എന്‍.എം, പോപുലര്‍ ഫ്രണ്ട്, കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍, തിരുവനന്തപുരം മുസ്‌ലിം അസോസിയേഷന്‍, മറ്റു സംഘടനകള്‍ എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. ആരെയും ഒഴിവാക്കാതെ എല്ലാവരെയും ഉള്‍ക്കൊണ്ടിരിക്കുന്നു എന്നതാണ് സവിശേഷത. പാളയം ജുമാമസ്ജിദ് സ്ഥലംപിടിച്ചപോലെ ബീമാപ്പള്ളിയും സ്ഥാനംനേടിയിരിക്കുന്നു.
വ്യക്തി ചിത്രങ്ങളില്‍ ആദ്യമെത്തുന്നത് വക്കം അബ്ദുല്‍ ഖാദിര്‍ മൗലവിയാണ്. വക്കം അബ്ദുല്‍ ഖാദിറും വക്കം ഖാദിറും തുടര്‍ന്ന് രാഷ്ട്രീയ പൊതുരംഗത്തെ ഏതാണ്ടെല്ലാ വ്യക്തിത്വങ്ങളെയും കുറിച്ചു പരാമര്‍ശിക്കപ്പെടുന്നുണ്ട് എന്നതാണ് വിജ്ഞാനകോശത്തിന്റെ സമഗ്രത.
അപൂര്‍വ ചിത്രങ്ങളും അനിവാര്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുടെ അനാവരണവും മണ്‍മറഞ്ഞേക്കാവുന്ന വസ്തുതകളുടെ സംരക്ഷണവും ചില അറിവുകളുടെ അപനിര്‍മിതിയും ഈ വാല്യത്തിലുണ്ട്. അതുതന്നെയാണ് ഇസ്‌ലാമിക വിജ്ഞാനകോശത്തിന്റെ പ്രസക്തിയും. വ്യക്തികളെയും സ്ഥലങ്ങളെയും കുറിച്ച വിവരണങ്ങള്‍, സംഘടനകളെയും സംഭവങ്ങളെയും സംബന്ധിച്ച പഠനങ്ങള്‍, രചനകളെയും കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളെയും പരിചയപ്പെടുത്തല്‍, ആചാര അനുഷ്ഠാനങ്ങളെക്കുറിച്ചു പ്രതിപാദനം, സ്ഥാപനങ്ങളെയും സംരംഭങ്ങളെയും അടയാളപ്പെടുത്തല്‍ മുതലായ പ്രക്രിയയിലൂടെ വികസിക്കുന്ന വിശാല അര്‍ഥത്തിലുള്ള ചരിത്ര നിര്‍മിതിയും സംരക്ഷണവുമെന്ന ലക്ഷ്യം സാധൂകരിക്കുന്ന രൂപത്തിലാണ് ഇസ്‌ലാമിക വിജ്ഞാനകോശത്തിന്റെ, വിശേഷിച്ചും 13ാം വാല്യം തയ്യാറാക്കിയിരിക്കുന്നത്. ഇസ്‌ലാമിക വിജ്ഞാനകോശത്തിലെ ബഹുവര്‍ണ ചിത്രങ്ങളെക്കുറിച്ചു ചിലതു പറയേണ്ടത് അനിവാര്യമാണ്. ആദ്യമായി കാണുന്ന രണ്ടു പേജില്‍ നിറഞ്ഞുനില്‍ക്കുന്ന താജ്മഹലിന്റെ ചിത്രം എന്തുകൊണ്ടും വിജ്ഞാനകോശത്തിന് അനുയോജ്യവും അലങ്കാരവുമാണ്.
കാര്‍ത്തേജിലെ പുരാതന നിര്‍മിതികളും (135) താഷ്‌ക്കന്ദിലെ പുരാതനമായ ഗാരിപാലവും ഇസ്താംബൂളിലെ അയാസോഫിയ പള്ളിയും തുര്‍ക്കിയിലെ മൗലാനാ മ്യൂസിയവും ഈജിപ്തിലെ ദാറുല്‍ ആസാര്‍ (മ്യൂസിയം) ഉം ബഹുവര്‍ണ ചിത്രമായി ഇസ്‌ലാമിക വിജ്ഞാനകോശത്തില്‍ ഇടംനേടിയിട്ടുണ്ട്.
വിജ്ഞാനകോശങ്ങള്‍ സാധാരണഗതിയില്‍ റഫറന്‍സിനുള്ളതാണ്. കഥകളും നോവലുകളും പോലെ അവ ആരും തുടര്‍വായന നടത്തി പൂര്‍ത്തിയാക്കാറില്ല. അതേസമയം, കഥകളും നോവലുകളും നല്‍കുന്ന വായനാസുഖം നല്‍കുന്ന കാര്യങ്ങള്‍ 13ാം വാല്യത്തിലുണ്ട്. എന്നാല്‍, വസ്തുതകളുടെ കൃത്യത നഷ്ടപ്പെടില്ലതാനും.
ചരിത്രത്തിന്റെ ഇന്നലെകളില്‍ നടന്ന സംഭവങ്ങളെ, ഇന്നിന്റെ വര്‍ത്തമാനത്തെ, ജീവിച്ചിരിക്കുന്നവര്‍ക്കും വരുംതലമുറയ്ക്കുമായി രേഖപ്പെടുത്തിവയ്ക്കുന്ന സാമൂഹിക ബാധ്യത ഏറ്റെടുത്ത ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് എല്ലാവിധ ആദരവുകളും പ്രോല്‍സാഹനങ്ങളും അര്‍ഹിക്കുന്നു.