ലോകചരിത്രത്തിന് ഇസ് ലാമിന്റെ സംഭാവന അതുല്യം; ദാറുസ്സുന്ന ചരിത്ര സെമിനാര്‍
മലപ്പുറം: കൃത്യവും വസ്തുനിഷ്ഠവുമായ ചരിത്ര പഠന ഗവേഷണത്തിനും ഗ്രന്ഥരചനകള്‍ക്കും അതുല്യമായ സംഭാവനയാണ് മുസ്‌ലിം പണ്ഡിതന്മാര്‍ ചെയ്തിട്ടുള്ളതെന്നും ആധുനിക യൂറോപ്പ് ചരിത്രരചനയുടെ ആവശ്യകതയെ കുറിച്ച് ചിന്തിച്ചു തുടങ്ങും മുമ്പേ ഇസ് ലാമിക ചരിത്രകാരന്മാര്‍ ധാരാളം ലോകചരിത്ര ഗ്രന്ഥങ്ങള്‍ ശാസ്ത്രീയമായി തന്നെ രചിച്ചിട്ടുണ്ടായിരുന്നെന്നും ചരിത്ര നിരൂപണത്തിനു വ്യക്തമായ മനദണ്ഡങ്ങള്‍ അവര്‍ നിശ്ചയിച്ചിരുന്നെന്നും മഞ്ചേരി ദാറുസ്സുന്ന:യുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മലപ്പുറത്ത് സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ അഭിപ്രായപ്പെട്ടു.
ചരിത്രമെഴുത്തിന്റെ ചരിത്രം, തിരിഞ്ഞുനോട്ടമാണ് ചരിത്രം, ചരിത്രം ഇസ് ലാമിനെതിരെ എന്നീ വിഷയങ്ങള്‍ യഥാക്രമം റഷീദലി വഹബി എടക്കര, ഇബ്രാഹീം വഹബി എംഡി തോണിപ്പാടം, സലീം വഹബി ഉപ്പട്ടി എന്നിവര്‍ അവതരിപ്പിച്ചു. പി ഉബൈദുല്ല എം.എല്‍.എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ദാറുസ്സുന്ന ഇസ് ലാമിക കേന്ദ്രം ജനറല്‍ സെക്രട്ടറി മൗലാനാ നജീബ് മൗലവി സെമിനാറില്‍ അദ്ധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് അബ്ദുല്‍ ഖയ്യും ശിഹാബ് തങ്ങള്‍, എസ് വൈ എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍, സ്വദഖത്തുല്ല മൗലവി കാടാമ്പുഴ, അശ്‌റഫ് ബാഖവി കാളികാവ് ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറാ അംഗങ്ങളായ അലിഹസ്സന്‍ ബാഖവി, പി. അലിഅക്ബര്‍ മൗലവി, ഇ.കെ.അബ്ദുറശീദ് മുഈനി എന്നിവര്‍ പ്രസംഗിച്ചു.