യു എന്നിന്റെ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സിക്ക് നിരോധനം ഏര്‍പ്പെടുത്തി ഇസ്രായേല്‍
ഏകദേശം എട്ട് പതിറ്റാണ്ട് പഴക്കമുള്ള യുഎന്‍ ഏജന്‍സിയെയാണ് നിരോധിക്കാന്‍ ഇസ്രായേല്‍ പാര്‍ലമെന്റ് വോട്ട് ചെയ്തത്
ജറുസലേം: പലസ്തീന്‍ അഭയാര്‍ഥികളുടെ ദുരിതാശ്വാസത്തിനും മനുഷ്യവികസനത്തിനും പിന്തുണ നല്‍കുന്ന ഐക്യരാഷ്ട്രസഭാ ഏജന്‍സിയായ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സിക്ക് (യുഎന്‍ആര്‍ഡബ്ല്യുഎ) നിരോധനം ഏര്‍പ്പെടുത്തി ഇസ്രായേല്‍.ഏകദേശം എട്ട് പതിറ്റാണ്ട് പഴക്കമുള്ള യുഎന്‍ ഏജന്‍സിയെയാണ് നിരോധിക്കാന്‍ ഇസ്രായേല്‍ പാര്‍ലമെന്റ് വോട്ട് ചെയ്തത്.
വടക്കന്‍ ഗസയിലെ ജനവാസ മേഖലയിലും അഭയാര്‍ഥി ക്യാമ്പിലും ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ വ്യാപക നഷ്ടം റിപ്പോര്‍ട്ട് ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണ് യുഎന്‍ ഏജന്‍സിയെ വിലക്കിയത്. ഏജന്‍സിയിലെ ഏതാനും പേര്‍ ഹമാസ് അംഗങ്ങളാണെന്നും ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ പങ്കുണ്ടെന്നും പറഞ്ഞാണ് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുന്ന നിയമം ഇസ്രയേല്‍ പാര്‍ലമെന്റില്‍ പാസാക്കിയത്.
വടക്കന്‍ ഗസയില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമായിരിക്കെ സഹായ ഏജന്‍സിക്ക് മൂന്ന് ആഴ്ചയായി പ്രദേശത്തേക്ക് കടക്കാന്‍ കഴിഞ്ഞിട്ടില്ല. ഭക്ഷണം, മരുന്ന് ഉള്‍പ്പെടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും ഇവിടെ ആളുകള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് വിവരം.