ഉമ്മുല്‍ ഫായിസ
ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം മുസ്‌ലിംങ്ങളെ കൊല്ലാന്‍ ആഹ്വാനം ചെയ്തുകൊണ്ടും ആയിരക്കണക്കിനു ഹിന്ദുത്വര്‍ ഒരുമിച്ചു കൂടുകയുണ്ടായി. ഇതിനെതിരെ നിരവധി വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ തെരുവിലിറങ്ങി. കവല്‍പപ്രീത് കൗര്‍, അഫ്രീന്‍ ഫാത്തിമ തുടങ്ങിയവരെ പോലിസ് ഡിറ്റൈന്‍ ചെയ്തു. മലയാളി വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടും ഇതൊക്കെ ചുരുക്കം ചില പത്രങ്ങള്‍ മാത്രമാണ് മലയാളത്തില്‍ റിപോര്‍ട്ട് ചെയ്യുന്നത്.
ഹിന്ദുത്വരുടെ പരിപാടിയുടെ മുന്‍ നിരയിലുണ്ടായിരുന്ന അശ്വിനി ഉപാധ്യായയുടെ രാഷ്ട്രീയം കൂടുതല്‍ പഠിക്കേണ്ടതുണ്ട്. മുസ്‌ലിം സ്ത്രീകളെ രക്ഷിക്കാന്‍ മുത്തലാഖ് നിരോധനം അടക്കമുള്ള ആവശ്യവുമായി സുപ്രിം കോടതിയില്‍ കയറിയിറങ്ങിയയാളാണ് ഉപാധ്യയായ്. ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ പൊതു താല്‍പര്യ ഹരജി നല്‍കിയ ഉപാധ്യായ് ഹിന്ദുത്വരുടെ ലീഗല്‍ ആക്ടിവിസത്തെ ശക്തിപ്പെടുത്തുന്നത് കാണാം. മുസ്‌ലിം സ്ത്രീകളുടെ വിവാഹം, ജീവനാംശം, അനന്തരാവകാശം, ഗാര്‍ഡിയന്‍ഷിപ്പ് തുടങ്ങിയ വിഷയങ്ങളിലും ഉപാധ്യായായ് പൊതുതാല്‍പര്യ ഹരജിയിലൂടെ നിരന്തരം ഇടപെടാറുണ്ട്. ഇയാളാണ് മുല്ലമാരുടെ കഥ കഴിക്കാന്‍ ജയ് ശ്രീറാം മുഴക്കി മുന്നേറുന്ന ഹിന്ദുത്വ ആള്‍ക്കൂട്ടത്തിന്റെ മുന്‍ നിരയില്‍ ഉണ്ടായിരുന്നത്.
മുസ്‌ലിം ന്യൂനപക്ഷാവകാശങ്ങളെ ഘട്ടം ഘട്ടമായി ഇല്ലാതാക്കുന്ന ഹിന്ദുത്വ പരിപാടിയെക്കുറിച്ച് പൊതു ചര്‍ച്ചകള്‍ വളരെ കുറവാണ്.' ഇരുപക്ഷത്തെയും വര്‍ഗീയ വാദികളെ' സന്തോഷിപ്പിക്കാതിരിക്കാന്‍ മൗനം തന്നെയാണ് ഈ ഘട്ടത്തിലും രാജ്യത്തെ പ്രമുഖ കക്ഷികള്‍ പൊതുഭാഷയായി സ്വീകരിക്കുന്നത്.
വേറൊരു സൗഹൃദ രാഷ്ട്രീയവും ഇതിന്റെ പശ്ചാത്തലമായുണ്ട്. സുപ്രിംകോടതി അഭിഭാഷകനായ ഉപാധ്യായ ഇതിനു മുമ്പ് ആം ആദ്മിയുടെ ഭാഗമായിരുന്നു. ഇന്ത്യന്‍ ലിബറല്‍ എസ്റ്റാബ്ലിഷ്‌മെന്റുകളും ഹിന്ദുത്വവാദികളും തമ്മിലുള്ള ഈ സൗഹൃദം നേരത്തെ ഡല്‍ഹിയില്‍ മുസ്‌ലിം വിരുദ്ധ കലാപത്തിനു ആഹ്വാനം ചെയ്ത കപില്‍ മിശ്രയുടെ കാര്യത്തിലും വ്യക്തമായതാണ്. കപില്‍ മിശ്ര നേരത്തെ ആം ആദ്മിയുടെയും ആംനസ്റ്റി അടക്കമുള്ള മനുഷ്യാവകാശ സംഘടനകളുടെയും ഭാഗമായിരുന്നുവെന്നും ഓര്‍ക്കുക.