എയര്‍ ഇന്ത്യയുടെ നിയന്ത്രണാധികാരം ടാറ്റാ ഗ്രൂപ്പിന് നല്‍കിയേക്കുമെന്ന് റിപോര്‍ട്ട്

1932ല്‍ ടാറ്റാ ഗ്രൂപ്പാണ് എയര്‍ ഇന്ത്യ സ്ഥാപിച്ചത്

Update: 2021-10-01 05:18 GMT
ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലേക്ക് എത്തുമെന്ന് റിപോര്‍ട്ടുകള്‍. എയര്‍ ഇന്ത്യ വില്‍പ്പനക്ക് ക്ഷണിച്ച ടെന്‍ഡറില്‍ ഏറ്റവും കൂടുതല്‍ തുക ടാറ്റാ ഗ്രൂപ്പിന്റേതെന്നാണ് സൂചന.

സെപ്തംബര്‍ ആദ്യമാണ് എയര്‍ ഇന്ത്യയെ വാങ്ങാനുള്ള താത്പര്യപത്രം ടാറ്റാ ഗ്രൂപ്പ് സമര്‍പ്പിച്ചത്. ടാറ്റയ്‌ക്കൊപ്പം സ്‌പൈസ് ജെറ്റും എയര്‍ ഇന്ത്യയെ വാങ്ങാന്‍ താത്പര്യപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ എയര്‍ ഇന്ത്യ വില്‍ക്കണമെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത നയം.

അതിനിടെ എയര്‍ ഇന്ത്യയുടെ നിയന്ത്രണാധികാരം ടാറ്റാ ഗ്രൂപ്പിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി മുന്‍ ഡയറക്ടര്‍ ജിതേന്ദ്രര്‍ ഭാര്‍ഗവ പറഞ്ഞു. എയര്‍ ഇന്ത്യയെ കരകയറ്റാന്‍ ടാറ്റയ്ക്ക് കഴിയുമെന്നും ഗ്രൂപ്പിന് അതിനുള്ള ആസ്തിയുണ്ടെന്നും ജിതേന്ദ്രര്‍ ഭാര്‍ഗവ വ്യക്തമാക്കി.

1932ല്‍ ടാറ്റാ ഗ്രൂപ്പാണ് എയര്‍ ഇന്ത്യ സ്ഥാപിച്ചത്. 1953ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ദേശസാത്ക്കരണ നടപടികളുടെ ഭാഗമായി എയര്‍ ഇന്ത്യയെ പൊതുമേഖലയിലേക്ക് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ തങ്ങളെ ഉചിതമായി കേള്‍ക്കാതെയായിരുന്നു സര്‍ക്കാരിന്റെ നടപടിയെന്ന് ചൂണ്ടിക്കാട്ടി ജെആര്‍ഡി ടാറ്റ പ്രധാനമന്ത്രിക്ക് കത്തയച്ചു. എയര്‍ ഇന്ത്യ തിരികെ ടാറ്റാ ഗ്രൂപ്പിലേക്ക് എത്തുന്ന നാള്‍ താന്‍ കാണുന്നുവെന്നായിരുന്നു ജെആര്‍ഡി ടാറ്റയുടെ അന്നത്തെ വാക്കുകള്‍.

Tags:    

Similar News