ജഹാംഗീര്‍പുരി: സുപ്രിംകോടതിയില്‍ നടന്നതെന്ത്?

Update: 2022-04-21 07:08 GMT

ന്യൂഡല്‍ഹി: അനധികൃത നിര്‍മാണം ആരോപിച്ച് മുസ് ലിം വീടുകളും സ്ഥാപനങ്ങളും നിയമവിരുദ്ധമായി ഇടിച്ചുതകര്‍ക്കുന്നതിനെതിരേ നല്‍കിയ ഹരജികള്‍ രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും കേള്‍ക്കുമെന്ന് സുപ്രിംകോടതി. ജസ്റ്റിസ് എല്‍ എന്‍ റാവു, ബി ആര്‍ ഗവായ് എന്നിവരുടെ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. അനധികൃത നിര്‍മാണം പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട കോര്‍പറേഷന്‍ മേയര്‍ക്ക് നോട്ടിസ് അയക്കും. ഹരജിക്കാര്‍ക്കും നോട്ടിസ് അയക്കും. അതുവരെ തല്‍സ്ഥിതി തുടരുമെന്നും കോടതി പറഞ്ഞു.

ഹനുമാന്‍ ജയന്തിയുടെ ഭാഗമായി ഹിന്ദുത്വര്‍ ജഹാംഗീര്‍പുരിയിലെ മുസ് ലിംകള്‍ക്കും പള്ളികള്‍ക്കും എതിരേ ആക്രമണം നടത്തി തൊട്ടടുത്ത ദിവസമാണ് അനധികൃതമായി വീടുകളും സ്ഥാപനങ്ങളും പോലിസ് തകര്‍ത്തത്. തകര്‍ക്കപ്പെട്ടതില്‍ ഒരു പള്ളിയുടെ കവാടവും ഉള്‍പ്പെടുന്നു.

കഴിഞ്ഞ ദിവസം മുസ് ലിം സംഘടന നല്‍കിയ ഹരജിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രിംകോടതി ഉത്തരവിട്ടെങ്കിലും പൊളിക്കാന്‍ നേതൃത്വം നല്‍കിയ നോര്‍ത്ത് ഡല്‍ഹി കോര്‍പറേഷന്‍ അനുസരിച്ചില്ല. ഉത്തരവ് കയ്യില്‍ കിട്ടിയില്ലെന്നായിരുന്നു പറഞ്ഞത്. വീണ്ടും സുപ്രിംകോടതി ഇടപെട്ടതോടെയാണ് താല്‍ക്കാലികമായി പൊളിക്കല്‍ നിര്‍ത്തിവച്ചത്.

ജമാഅത്ത് ഉലമയെ ഹിന്ദ് ആണ് ഹരജി സമര്‍പ്പിച്ചത്. കബില്‍ സിബല്‍, ദുഷ്യന്ത് ദാവെ, പ്രശാന്ത് ഭൂഷന്‍ എന്നിവരാണ് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായത്.

കോടതിയിലെ വാദം ഇങ്ങനെ:

ഏത് നിയമമനുസരിച്ചാണ് നോട്ടിസ് നല്‍കണമെന്ന് പറയുന്നതെന്നായിരുന്നു കോടതിയുടെ ഹരജിക്കാരോടുളള ആദ്യ ചോദ്യം. മുനിസിപ്പല്‍ കോര്‍പറേഷന്‍ നിയമത്തില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് ദുഷ്യന്ത് ദാവെ മറുപടി പറഞ്ഞു. മാത്രമല്ല, കുടിയൊഴിപ്പിക്കുന്നവര്‍ക്ക് അഭയം നല്‍കണമെന്നും പറഞ്ഞിട്ടുണ്ട്.

ഒരു സമുദായത്തെ ലക്ഷ്യമിട്ടാണ് കോര്‍പറേഷന്റെ നടപടിയെന്ന് ഹരജിക്കാര്‍ ആരോപിച്ചു. 1,731 അനധികൃത കോളനികള്‍ ഉണ്ട്. അവിടെ 50 ലക്ഷം പേരും താമസിക്കുന്നുണ്ട്. പക്ഷേ, ഒരു സമുദായത്തെ മാത്രം ലക്ഷ്യം വച്ചാണ് നടപടിയെടുക്കുന്നത്.

ഒരു രാത്രിയാണ് കോര്‍പറേഷന്‍ ഉത്തരവിറക്കിയത്. രാവിലെ പൊളിക്കാന്‍ തുടങ്ങി. ഉടന്‍ സുപ്രിംകോടതി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഈ പ്രശ്‌നം സമൂഹത്തിന്റെ ഘടനയെത്തന്നെ ബാധിക്കുന്നതാണ്. ഇത് തുടരാന്‍ അനുവദിച്ചാല്‍ രാജ്യത്ത് ജനാധിപത്യമെന്ന ഒന്ന് ബാക്കിയുണ്ടാവില്ല. നിയമവ്യവസ്ഥയുമുണ്ടാവില്ല. ബിജെപിയുടെ ഡല്‍ഹി ഘടകം മേധാവിയാണ് പൊളിക്കലിന് ഉത്തരവിട്ടത്. മുനിസിപ്പല്‍ നിയമമനുസരിച്ച് നോട്ടിസ് നല്‍കണം. ജഹാംഗീര്‍പുരി സംഭവം രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ദാവെ പറഞ്ഞു.

കോടതി അതില്‍ വിശദീകരണം ചോദിച്ചു. ഒരു പ്രദേശത്തെ പ്രശ്‌നം എങ്ങനെ ദേശീയപ്രാധാന്യമുള്ളതാവും?

ഇപ്പോള്‍ പ്രശ്‌നം നടക്കുന്നത് കലാപം നടന്ന പ്രദേശത്താണ്. 1984, 2002 ലെ പോലെയല്ല. ഇപ്പോഴെന്താണ് പെട്ടെന്ന്? കയ്യേറ്റത്തെക്കുറിച്ച് ഡല്‍ഹിയില്‍ ചില നിയമങ്ങളുണ്ട്. ഇത് അസാധാരണമായിരിക്കുന്നു. ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിടുന്നു. നമ്മുടെ ഭരണഘടനാ വിധാതാക്കള്‍ നമുക്ക് നല്‍കിയ ചില മുന്നറിയിപ്പുകളുണ്ട്.

തന്റെ കക്ഷി സുപ്രിംകോടതി വിധി നേരിട്ട് കൈമാറിയിട്ടും പൊളിക്കല്‍ തുടര്‍ന്നുവെന്ന് സിപിഎം നേതാവ് ബ്രിന്ദ കാരാട്ടിനുവേണ്ടി ഹാജരായി അഭിഭാഷകന്‍ അറിയിച്ചു. അതുകൊണ്ട് നഷ്ടപരിഹാരം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. താന്‍ പ്രശ്‌നത്തിലേക്ക് രാഷ്്ട്രീയം കൊണ്ടുവരികയല്ലെന്നും അവരുടെ അഭിഭാഷകന്‍ അറിയിച്ചു.

എന്ത് ആശ്വാസ നടപടിയാണ് വേണ്ടെന്ന് കോടതി ആരാഞ്ഞു.

പൊളിക്കല്‍ നടപടി ഒരു സമുദായത്തില്‍ മാത്രമായി ഒതുക്കി നിര്‍ത്തരുത്. ഒരു സമുദായത്തെ മാത്രം ലക്ഷ്യമിടരുത്. രാജ്യത്ത് നിയമവ്യവസ്ഥയുണ്ടെന്ന് കോടതി ഓര്‍മപ്പെടുത്തണം. പൊളിക്കല്‍ നിര്‍ത്തിവയ്ക്കണം- കബില്‍ സിബല്‍ പറഞ്ഞു.

ഇതുപോലുള്ള എല്ലാ കയ്യേറ്റങ്ങളും നിര്‍ത്തിവയ്ക്കാന്‍ പറയാന്‍ കഴിയുമോയെന്ന് കോടതി ചോദിച്ചു.

ബുള്‍ഡോസര്‍ പൊളികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കബില്‍ സിബല്‍.

പൊളിക്കാന്‍ ബുള്‍ഡോസര്‍ വേണമല്ലോയെന്ന് കോടതി.

അനധികൃത നിര്‍മാണം നീക്കം ചെയ്യാന്‍ മുന്‍കൂര്‍ നോട്ടിസ് വേണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ തുഷാര്‍ മേത്ത പറഞ്ഞു. കസേര, മേശ, സ്റ്റാളുകള്‍ എന്നിവ നീക്കാന്‍ നോട്ടിസ് ആവശ്യമില്ല. നോട്ടിസില്ലാതെയും ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചു.

രണ്ട് ആഴ്ചയ്ക്കു ശേഷം വാദം കേള്‍ക്കാമെന്ന് സുപ്രിംകോടതി പറഞ്ഞു. മേയറെ അറിയിക്കും. കക്ഷികള്‍ക്ക് നോട്ടിസ് അയക്കും. അതുവരെ തല്‍സ്ഥിതി തുടരും.

പൊളിക്കല്‍ നോട്ടിസ് നേരത്തെ നല്‍കിയിരുന്നെന്ന് സര്‍ക്കാര്‍ വാദിച്ചു. ''കോടതിയില്‍ വന്നത് ഒരു വ്യക്തിയല്ല. സംഘടനയാണ് ജമാഅത്ത് ഉലമയെ ഹിന്ദ്. ഖാര്‍ഗോണില്‍ ഒഴിപ്പിച്ചതില്‍ 88 പേര്‍ ഹിന്ദുക്കളായിരുന്നു, 26 പേര്‍ മുസ് ലിംകളും. ഇത്തരത്തില്‍ തരംതിരിച്ച് കാണുന്നതില്‍ മാപ്പാക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ അങ്ങനെ കാണുന്നില്ല. പക്ഷേ, നിര്‍ബന്ധിതരാവുകയാണ്. 2021ല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലും നേരത്തെ നോട്ടിസ് നല്‍കിയിട്ടുുണ്ട്.''

ബോക്‌സും ബെഞ്ചും മാത്രം മാറ്റാന്‍ ബുള്‍ഡോസര്‍ വേണോയെന്ന് കോടതി ആരാഞ്ഞു. 5-12 ദിവസത്തെ മുന്‍കൂര്‍ നോട്ടിസ് വേണമെന്ന് നിയമമുണ്ടെന്നും ഓര്‍മിപ്പിച്ചു.

നോട്ടിസ് നല്‍കിയിട്ടില്ലെന്ന് തെളിയിക്കാന്‍ കഴിയുമെങ്കില്‍ അതിന് ഇരയായ വ്യക്തികള്‍ മുന്നോട്ട് വരട്ടെയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍.

എങ്കില്‍ ഇരകളാക്കപ്പെട്ട വ്യക്തികള്‍ സത്യവാങ് മൂലം നല്‍കട്ടെ. അതുവരെ തല്‍സ്ഥിതി തുടരും.

എല്ലാ കേസിലും നോട്ടിസ് ആവശ്യമില്ലെന്ന് സര്‍ക്കാര്‍ വീണ്ടും വാദിച്ചു.

നടപ്പാതകള്‍ വൃത്തിയാക്കല്‍ ജനുവരി മുതല്‍ നടന്നിട്ടുണ്ട്. ഏപ്രില്‍ 19ലെ വൃത്തിയാക്കല്‍ ഈ വര്‍ഷം അഞ്ചാംതവണത്തേതാണ്. ചില സംഘടനകള്‍ പൊടുന്നനെ വന്ന് തടസം നില്‍ക്കുകയാണ്. ചില കേസുകളില്‍ നോട്ടിസ് വേണ്ട. വേണ്ടിടത്ത് നോട്ടിസ് നല്‍കാമെന്നും സര്‍ക്കാര്‍.

ഉത്തരവ് നല്‍കിയത് 10.45ന്. അത് ഏത് സമയത്താണ് അവരെ അറിയിച്ചതെന്ന് കോടതി ആരാഞ്ഞു.

പതിനൊന്നിന് അധികൃതര്‍ മാധ്യമങ്ങളോട് സംസാരിച്ചുവെന്ന് ദുഷ്യന്ത് ദാവെ. എന്നിട്ടും അവര്‍ പൊളിക്കല്‍ തുടര്‍ന്നു.

താന്‍ വിധിയെ കുറിച്ച് അധികൃതരെ അറിയിച്ചിട്ടും പൊളി തുടര്‍ന്നുവെന്ന് ഒരു ഇരയ്ക്ക് വേണ്ടി ഹാജരായ സഞ്ജയ് ഹെഗ്‌ഡെ പറഞ്ഞു. എന്നിട്ടും പൊളിച്ചു.

മേയര്‍ക്ക് നോട്ടിസ് അയയ്ക്കും. രണ്ടാഴ്ചക്കുശേഷം വാദം കേള്‍ക്കും. അതുവരെ തല്‍സ്ഥിതി തുടരുമെന്ന് കോടതി.

Tags:    

Similar News