ധാര്‍മികത കളവ്; നില്‍ക്കകള്ളിയില്ലാതെയാണ് ജലീല്‍ രാജിവെച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ധാര്‍മിക ഉത്തരവാദിത്തമായിരുന്നുവെങ്കില്‍, ലോകായുക്ത വിധി വന്ന ഉടനെ രാജിവക്കുമായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ്
തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ ധാര്‍മ്മികത കളവാണെന്നും നില്‍ക്കകള്ളിയില്ലാതെയാണ് രാജിവെച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാര്‍മ്മികതയായിരുന്നുവെങ്കില്‍ ആദ്യമേ എന്തുകൊണ്ടാണ് രാജിവക്കാതിരുന്നത്. പൊതുജനാഭിപ്രായം സര്‍ക്കാരിന് എതിരായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കടുത്ത സത്യപ്രതിജ്ഞ ലംഘനമാണ് മന്ത്രി നടത്തിയിരിക്കുന്നത്. ഒരു ഗതിയും ഇല്ലാതായപ്പോള്‍ ജലീല്‍ രാജിവെക്കുകയായിരുന്നു. കെ കരുണാകരന്‍, എംപി ഗംഗാധരന്‍, കെപി വിശ്വനാഥന്‍ എന്നിങ്ങനെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ധാര്‍മികതയുടെ പേരില്‍ രാജിവച്ചിരുന്നു. എന്നാല്‍ കെടി ജലീലിന്റെ രാജി ധാര്‍മികതയുടെ പേരിലല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ധാര്‍മിക ഉത്തരവാദിത്തമായിരുന്നുവെങ്കില്‍, ലോകായുക്ത വിധി വന്ന ഉടനെ തന്നെ ജലീല്‍ രാജിവക്കുമായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.