കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; മൂന്ന് സായുധര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സായുധര്‍ കൊല്ലപ്പെട്ടു. ജമ്മുവിലെ സിദ്രയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇന്ന് രാവിലെ 7.30ഓടെ മൂന്ന് സായുധര്‍ സൈനികര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് മൂന്നുപേരെ വധിച്ചത്. മൂന്ന് സായുധര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായി കരുതുന്നതായി ജമ്മു സോണ്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് (എഡിജിപി) മുകേഷ് സിങ് പറഞ്ഞു.
'ഞങ്ങള്‍ ഒരു ട്രക്കിന്റെ അസ്വാഭാവിക ചലനം ശ്രദ്ധിക്കുകയും അതിനെ പിന്തുടരുകയും ചെയ്തു. ജമ്മുവിലെ സിദ്രയില്‍ ട്രക്ക് തടഞ്ഞുനിര്‍ത്തി. ഉടന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. തിരച്ചില്‍ നടത്തുന്നതിനിടെ ട്രക്കിനുള്ളില്‍ ഒളിച്ചിരുന്ന സായുധര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്' - എഡിജിപി പറഞ്ഞു. തിങ്കളാഴ്ച രാവിലെ ജമ്മു കശ്മീരിലെ പൂഞ്ചിലെ മെന്ദര്‍ എന്ന സബ് ഡിവിഷനില്‍ നിന്ന് ഞായറാഴ്ച പോലിസും ഇന്ത്യന്‍ സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ഒരു സായുധനെ പിടികൂടിയിരുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.