യുഎന്‍ തിരിച്ചറിയല്‍ രേഖകളുള്ള 168 റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ ജമ്മു പോലിസ് ജയിലിലടച്ചു

Update: 2021-03-07 17:00 GMT

ന്യൂഡല്‍ഹി: ജമ്മുവില്‍ 168 റോഹിന്‍ഗ്യന്‍ അഭയര്‍ത്ഥികളെ ജമ്മു പോലിസ് അറസ്റ്റ് ചെയ്തു. ജമ്മുവിലെ ഒരു സ്‌പോര്‍ട്‌സ് മൈതാനത്ത് എത്തിച്ച് പരിശോധിനയ്ക്കു വിധേയമാക്കിയ ശേഷമാണ് എല്ലാവരെയും ശനിയാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ യുഎന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകളുള്ളവരാണ്.

പുറത്തുവന്ന റിപോര്‍ട്ട് അനുസരിച്ച് എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. യുഎന്‍ അഭയാര്‍ത്ഥി ഓഫിസ് നല്‍കിയ തിരിച്ചറിയല്‍ രേഖകളും പരിശോധനയ്ക്ക് വിധേയമാക്കി. വലിയ പോലിസ് സന്നാഹത്തോടെയാണ് പരിശോധനകള്‍ നടന്നത്. മ്യാന്‍മറില്‍ നിന്ന് ജമ്മുവിലേക്ക് എട്ട് വര്‍ഷം മുമ്പ്് അഭയാര്‍ത്ഥികളായി എത്തിയ ഇവര്‍ക്കെതിരേ പൊടുന്നനെയുണ്ടായ നടപടിയുടെ കാരണം വ്യക്തമല്ല.

പരിശോധനകള്‍ക്കു ശേഷം എല്ലാവരെയും ഹിരന്‍നഗര്‍ സബ് ജയിലിലേക്ക് അയച്ചിരിക്കുകയാണ്. വിദേശി നിയമത്തിന്റെ 3(2)ഇ വകുപ്പനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. പാസ്‌പോര്‍ട്ട് ആക്റ്റ് അനുസരിച്ച് ആവശ്യമായ രേഖകളില്ലാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരേ ചുമത്തുന്ന കേസാണ് അഭയാര്‍ത്ഥികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

പോലിസ് മറ്റ് അഭയാര്‍ത്ഥി കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നുണ്ട്.

യുഎന്‍ അഭയാര്‍ഥി കണ്‍വെന്‍ഷനുകളില്‍ ഒപ്പുവയ്ക്കാത്ത ഇന്ത്യയില്‍, യുഎന്‍ അഭയാര്‍ഥി ഏജന്‍സി 20,000 പേര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയിട്ടുണ്ട്. 13,000 ത്തോളം അഭയാര്‍ഥികള്‍ ജമ്മുവിലെ ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്ന് ചില കണക്കുകള്‍ പറയുന്നു.

Tags:    

Similar News