പെരിന്തൽമണ്ണ: മലപ്പുറം ജില്ലയിലെ നെന്മിനിയുടെ സമീപ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധനടപടികള്‍ ശക്തിപ്പെടുത്തി. പരിസരത്തെ മുപ്പതോളം വീടുകളില്‍ സംഘം അന്വേഷണം നടത്തിയതിന്‍റെ പശ്ചാത്തലത്തില്‍ ഏട്ട് പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായും രണ്ട് പേർക്ക് ലക്ഷണങ്ങളുള്ളതായും കണ്ടെത്തി.
നെന്മിനി അഖിലാണ്ഡേശ്വരി ക്ഷേത്രത്തിന് സമീപത്തെ പതിനേഴ് കിണറുകള്‍ ക്ളോറിനേഷന്‍ നടത്തുകയും പരിസരവാസികളുടെ യോഗം വിളിച്ച് സ്വീകരിക്കേണ്ട പ്രതിരോധനടപടികള്‍ സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കുകയും ചെയ്തു. അസുഖം ബാധിച്ചവര്‍ പുറത്തു നിന്ന് വെള്ളവും ഭക്ഷണവും കഴിക്കുന്നവരാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
തിളപ്പിച്ചാറിച്ച വെള്ളം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്ന് അറിയിപ്പു നല്‍കുകയും നാലാഴ്ചയോളം പ്രദേശത്ത് നിരീക്ഷണം ശക്തിപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു. പ്രവര്‍ത്തനങ്ങള്‍ക്ക് കീഴാറ്റൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത്ഇന്‍സ്പെക്ടര്‍ വി.വി.ദിനേശ് നേതൃത്വം നല്‍കി. ജെ.എച്ച്.ഐ ആര്‍.ഗിരീഷ് , ജെ.പി.എച്ച്.എന്‍ മാരായ ഇ.കെ.സതീരത്നം, കെ.പുഷ്പലത, ആശ പ്രവര്‍ത്തകര്‍ പ്രമീള, വാര്‍ഡ്മെമ്പര്‍ സുഭദ്ര, രോഷ്നി, വല്‍സല എന്നിവര്‍ പങ്കെടുത്തു.