എം മുകുന്ദന് ജെസിബി സാഹിത്യ പുരസ്‌കാരം
എം മുകുന്ദന്റെ ദല്‍ഹിഗാഥകളുടെ ഇംഗ്ലീഷ് പരിഭാഷ 'Delhi: A Soliloquy' ക്കാണ് പുരസ്‌കാരം.
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെസിബി സാഹിത്യ പുരസ്‌കാരം (2020) എം മുകുന്ദന്. എം മുകുന്ദന്റെ ദല്‍ഹിഗാഥകളുടെ ഇംഗ്ലീഷ് പരിഭാഷ 'Delhi: A Soliloquy' ക്കാണ് പുരസ്‌കാരം. ഇ വി ഫാത്തിമ, കെ നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പുസ്തകം ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തത്. 25 ലക്ഷമാണ് പുരസ്‌ക്കാരത്തുക. ഒപ്പം വിവര്‍ത്തനം നിര്‍വ്വഹിച്ചയാള്‍ക്ക് 10 ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കും.
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ദല്‍ഹി ഗാഥകളുടെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കിയത് വെസ്റ്റ്‌ലാന്‍ഡ് പബ്ലിഷേഴ്‌സാണ്. ഇന്ത്യന്‍ ജീവിതത്തിന്റെ ഗതിവിഗതികളെ നിര്‍ണയിക്കുന്ന അധികാരസിരാകേന്ദ്രമായ ഡല്‍ഹിയെയും 1960കള്‍ മുതല്‍ ഇന്നേവരെ അവിടെയുണ്ടായ സംഭവ പരമ്പരകളെയും പശ്ചാത്തലമാക്കി രചിച്ച നോവലാണ് എം മുകുന്ദന്റെ ദല്‍ഹിഗാഥകള്‍.
ഇന്ത്യയില്‍ സാഹിത്യ രചനകള്‍ക്ക് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന ജെസിബി സാഹിത്യ പുരസ്‌കാരം ജെസിബി ലിറ്ററേച്ചര്‍ ഫൗണ്ടേഷനാണ് ഏര്‍പ്പെടുത്തിയത്.