ബിജെപിയുടെ മുസ് ലിം വിരുദ്ധ ബുള്‍ഡോസിങ്: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ത്തി നാദിയ വിറ്റോം എംപി (വീഡിയോ)

Update: 2022-04-29 12:27 GMT

ലണ്ടന്‍: ബിജെപി ഭരണകൂടം മുസ് ലിം വീടുകളും കടകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിനെതിരേ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ത്തി നാദിയ വിറ്റോം എംപി. ഇന്ത്യാ സന്ദര്‍ശനത്തിനിടെ ജെസിബിയില്‍ കയറി നിന്ന് ഫോട്ടോക്ക് പോസ് ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നടപടികളേയും ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഇന്ത്യന്‍ വംശജയായ ലേബര്‍ പാര്‍ട്ടി അംഗം നാദിയ വിറ്റോം വിമര്‍ശിച്ചു.

ബോറിസ് ജോണ്‍സണ്‍ അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ജെസിബിയില്‍ കയറി നിന്ന് ഫോട്ടോക്ക് പോസ് ചെയ്തു. എന്നാല്‍, മുസ് ലിം വീടുകളും കടകളും തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് മോദിയുമായി ആശയവിനിമയം നടത്തിയോ എന്ന് നാദിയ ചോദിച്ചു.

'ഇന്ത്യാ സന്ദര്‍ശന വേളയില്‍ ജെസിബി ഫാക്ടറിയിലെത്തിയ ബോറിസ് ജോണ്‍സണ്‍ ജെസിബിയില്‍ കയറി നിന്ന് ഫോട്ടോക്ക് പോസ് ചെയ്തു. അതിന് തലേദിവസം മുസ് ലിം കടകളും വീടുകളും തകര്‍ക്കാന്‍ ബിജെപി ബുള്‍ഡോസറുകള്‍ ഉപയോഗിച്ചിരുന്നു. ന്യൂഡല്‍ഹിയിലെ ഒരു മസ്ജിദിന്റെ ഗേറ്റും തകര്‍ത്തു. വിവിധ സംസ്ഥാന സര്‍ക്കാരുകളും സമാനമായ നടപടി സ്വീകരിച്ചു. ഞാന്‍ വീണ്ടും ചോദിക്കുന്നു. പ്രധാനമന്ത്രി മോദിയോട് ഈ വിഷയം ഉന്നയിച്ചോ?. ഇല്ലെങ്കില്‍ എന്ത് കൊണ്ട് ഉന്നയിച്ചില്ല?. മോദിയുടെ വലതുപക്ഷ സര്‍ക്കാരിന്റെ നടപടികള്‍ നിയമാനുസൃതമാണെന്ന് അംഗീകരിക്കുന്നതാണോ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.'. നാദിയ വിറ്റോം ചോദിച്ചു. എല്ലാ തരത്തിലുമുള്ള വിവേചനങ്ങളേയും അപലപിക്കുന്നു എന്നായിരുന്നു മന്ത്രിയുടെ മറുപടി.

യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും വ്യാഴാഴ്ച ഗുജറാത്തിലെ പഞ്ച്മഹലിലുള്ള ഹലോല്‍ ജിഐഡിസിയിലുള്ള ജെസിബി ഫാക്ടറി സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിനിടെ പുതിയ ഫാക്ടറിയിലെ ജെസിബിയില്‍ കയറി മാധ്യമങ്ങള്‍ക്ക് നേരെ കൈ കാണിച്ചു. ജെസിബിയിലേക്ക് 'ചാടിക്കയറി'യെന്നായിരുന്നു ബോറിസിന്റെ ഊര്‍ജം കണ്ട മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യാഴാഴ്ചയാണ് ഇന്ത്യയിലെത്തിയത്.

നേരത്തെ ഡല്‍ഹി വംശഹത്യക്കെതിരേയും നാദിയ വിറ്റോം രംഗത്തെത്തിയിരുന്നു. ഡല്‍ഹി വംശഹത്യയെ 'ഏറ്റുമുട്ടലുകള്‍' എന്നും 'പ്രതിഷേധം' എന്നും മുദ്രകുത്തരുത് മറിച്ച് അതിനെ എന്താണോ വിളിക്കേണ്ടത് അങ്ങനെ തന്നെ വിളിക്കണം എന്ന് യു.കെ എം.പി നാദിയ വിറ്റോം. തുടര്‍ച്ചയായതും വ്യവസ്ഥാപരവുമായ ഹിന്ദുത്വ അക്രമമാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്നതെന്നും ഇത് ബിജെപി സര്‍ക്കാര്‍ അനുവദിച്ചു കൊടുത്തതാണെന്നും നാദിയ വിറ്റോം പറഞ്ഞു.

ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഇന്ത്യന്‍ വംശജയായ ലേബര്‍ പാര്‍ട്ടി അംഗം നാദിയ വിറ്റോം, ഡല്‍ഹി കലാപത്തെ 'ഏറ്റുമുട്ടലുകള്‍' അല്ലെങ്കില്‍ 'പ്രതിഷേധം' എന്ന് പരാമര്‍ശിക്കാന്‍ വിസമ്മതിച്ചു. മോദിയുടെ ബിജെപി സര്‍ക്കാരിന്റെ അനുവാദത്തോടെ മുസ് ലിംകള്‍ക്കും ഇന്ത്യയിലെ നിരവധി ന്യൂനപക്ഷ വംശജര്‍ക്കും നേരെയുള്ള വ്യവസ്ഥാപരമായ ഹിന്ദുത്വ അക്രമങ്ങളുടെ തുടര്‍ച്ചയാണ് ഡല്‍ഹിയില്‍ നടന്നതെന്നും അവര്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെയും ഡല്‍ഹി കലാപത്തെയും ഹൗസ് ഓഫ് കോമണ്‍സിലും അവര്‍ അപലപിച്ചിരുന്നു.

Tags:    

Similar News