തൃക്കാക്കരയിലെ യുഡിഎഫിന്റെ ഉജ്വലവിജയത്തില്‍ ജിദ്ദയിലും വിജയാഘോഷം

Update: 2022-06-03 15:06 GMT

ജിദ്ദ: തൃക്കാക്കരയില്‍ ഉമാ തോമസ് കാല്‍ ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജിദ്ദയിലെ റുവൈസില്‍ ഒഐസിസി, കെഎംസിസി പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തു.

കോണ്‍ഗ്രസ്സിന്റെ ഐക്യത്തിനും പി.ടിയുടെ നിലപാടുകള്‍ക്കും യുഡിഎഫിന്റെ ചിട്ടയായ പ്രവര്‍ത്തനകള്‍ക്കും പിണറായി സര്‍ക്കാരിന്റെ വിനാശ വികസനങ്ങള്‍ക്കുമെതിരെയും തൃക്കാക്കരയിലെ പ്രബുദ്ധജനത നല്‍കിയ ഉജ്ജ്വല വിജയത്തിന് വോട്ടര്‍മാര്‍ക്ക് പ്രവര്‍ത്തകര്‍ നന്ദി രേഖപ്പെടുത്തി.

'വര്‍ഗീയ പ്രതിലോമ രാഷ്ട്രീയത്തിന് അന്ത്യം കുറിച്ച തൃക്കാകരയിലെ പ്രബുദ്ധ ജനതക്ക് ബിഗ് സല്യൂട്ട്. സാഹോദര്യത്തിലും സൗഹൃദത്തിലുമധിഷ്ഠിതമായ കേരളത്തിന്റെ സാമൂഹ്യ ചട്ടക്കൂടിന് ഭീകരമായി പരിക്കേല്‍പ്പിക്കുന്ന വര്‍ഗീയ വംശീയ രാഷ്ട്രീയമാണ് ഇപ്പോള്‍ കേരളത്തില്‍ കൊഴുത്തു കൊണ്ടിരിക്കുന്നത്. സി പി എം പോലുള്ള മതനിരപേക്ഷ കക്ഷികള്‍ കാറ്റിനനുസരിച്ച് ഇതിന്റെ വിളവെടുക്കാനുള്ള കുടില തന്ത്രങ്ങളാണ് കുറച്ചു കാലമായി പയറ്റിക്കൊണ്ടിരിക്കുന്നത്. തൃക്കാകരയിലും പ്രതിലോമ രാഷ്ട്രീയവുമായാണ് സി പി എം ഇലക്ഷനിറങ്ങിയത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തുടങ്ങി പ്രചാരണങ്ങളില്‍ വരെ കൈവിട്ട വര്‍ഗീയത കളിച്ചു. മുഖ്യമന്ത്രി നേരിട്ട് ക്യാപ്റ്റന്‍സി ഏറ്റെടുത്തു. പക്ഷെ അറുപതു ശതമാനം ക്രിസ്ത്യന്‍ സമൂഹമുള്‍പ്പടെ ഒരുമിച്ച് നിന്ന് കൃത്യമായ മത നിരപേക്ഷ സന്ദേശം നല്‍കുന്നു.അതെ,ജാതി മത സമുദായിക ധ്രുവീകരണ രാഷ്ട്രീയത്തിന് കേരളത്തില്‍ വേരുറപ്പിക്കാനാവില്ലെ'ന്ന് മധുര വിതരണത്തിന് നേതൃത്വം നല്‍കിക്കൊണ്ട് ഒ ഐ സി സി നേതാക്കളായ മജീദ് ചേറൂരും റസാഖ് പുതിയങ്ങാടിയും അഭിപ്രായപ്പെട്ടു.

കെ എം സി സി നേതാക്കളായ സലീം കരിപ്പോള്‍, സലാം കുണ്ടൂര്‍,ഒ ഐ സി സി പ്രവര്‍ത്തകരായ അക്ബര്‍.കെ.ടി, ഹബീബ് കൊളപ്പുറം, ഇസ്മായില്‍ ചെമ്മാട്, ഷമീല്‍ മലപ്പുറം, സുബൈര്‍.കെ.പി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മധുരം വിതരണം ചെയ്തത്. 

Tags:    

Similar News