അടുത്തത് ഇന്ത്യാ ഗേറ്റ് ആവും; 'മോദി നരേന്ദ്ര സർവകലാശാല' പരാമർശത്തെ പരിഹസിച്ച്‌ രാജ്ദീപ് സര്‍ദേശായി

Update: 2019-08-18 11:23 GMT
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്സിറ്റിയുടെ (ജെഎൻയു) പേര് മാറ്റി മോദി നരേന്ദ്ര യൂണിവേഴ്സിറ്റി (എംഎൻയു) എന്നാക്കണമെന്ന് അഭിപ്രായപ്പെട്ട ബിജെപി എംപിയെ പരിഹസിച്ച്‌ മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി. ജെഎന്‍യുവിന്റെ പേര് മാറ്റിയ ശേഷം അടുത്തതായി ഇന്ത്യ ഗേറ്റിന്റെ പേരായിരിക്കും മാറ്റാന്‍ ഉദ്ദേശിക്കുന്നതെന്നാണ് രാജ്ദീപ് സര്‍ദേശായി ട്വിറ്ററിലൂടെ പരിഹസിച്ചത്. ഇന്ത്യ ടുഡേ വാര്‍ത്താ ചാനലിന്റെ കണ്‍സള്‍ട്ടിങ് എഡിറ്ററാണ് രാജ്ദീപ് സര്‍ദേശായി.ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കണമെന്ന് ബിജെപി എംപിയും ഗായകനുമായ ഹാന്‍സ് രാജ് ഹാന്‍സ് പറഞ്ഞിരുന്നു. ജെഎന്‍യു എന്ന പേര് മാറ്റി എംഎന്‍യു എന്നാക്കണമെന്നാണ് ഹാന്‍സ് രാജ് ആവശ്യപ്പെട്ടത്.

ഒരു പരിപാടിക്കായി സര്‍വകലാശായില്‍ എത്തിയതായിരുന്നു വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നുമുള്ള ഈ എംപി. സര്‍വകലാശാലയില്‍ എത്തിയ ഹാന്‍സ് രാജ് കാശ്മീര്‍ വിഷയത്തില്‍ നെഹ്‌റു-ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്താനും മറന്നില്ല. മോദിയാണ് ഇപ്പോള്‍ രാജ്യത്ത് ഒരുപാട് മാറ്റങ്ങള്‍ കൊണ്ട് വന്നതെന്നും അതുകൊണ്ടാണ് ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ പേര് മാറ്റി 'മോദി നരേന്ദ്ര സര്‍വകലാശാല' എന്നാക്കി മാറ്റണമെന്ന് താന്‍ നിര്‍ദ്ദേശിച്ചതെന്നും ഹാന്‍സ് രാജ് പറഞ്ഞു.

Similar News