ലഹരിക്കെതിരേ കൈകോര്‍ക്കാം; തൃശൂര്‍ ജില്ലയില്‍ ഒക്ടോബര്‍ 6 മുതല്‍ 20 വരെ എസ്ഡിപിഐ കാംപയിന്‍
തൃശൂര്‍: 'ലഹരിക്കെതിരേ കൈകോര്‍ക്കാം' എന്ന മുദ്രാവാക്യത്തില്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കാംപയിന്‍ ഒക്ടോബര്‍ ആറിന് ആരംഭിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് വടക്കൂട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നമ്മുടെ നാട്ടില്‍ ലഹരി ഉല്‍പ്പന്നങ്ങളുടെയും രാസ ലഹരി ഉല്‍പ്പന്നങ്ങളുടെയും ഉപയോഗം വലിയ തോതില്‍ വര്‍ധിക്കുകയാണ്.
അന്താരാഷ്ട്ര ബന്ധമുള്ള ലഹരി മാഫിയയുടെയും ഇടനിലക്കാരുടെയും ഉപഭോക്താക്കളുടെയും ശക്തമായ ഒരു ശൃംഖല ഈ മേഖലയില്‍ കാലങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ലഹരി മാഫിയ സംഘങ്ങളുടെയും ഇടനിലക്കാരുടെയും തന്ത്രങ്ങളില്‍ വഞ്ചിതരാവാന്‍ സാധ്യതയുള്ള യുവാക്കളെയും വിദ്യാര്‍ഥി- വിദ്യാര്‍ഥിനികളെയും ഈ ശൃംഖലയില്‍ നിന്ന് സംരക്ഷിക്കുക എന്ന ഉദ്ദേശത്തിലാണ് ലഹരിക്കെതിരേ കൈകോര്‍ക്കാം എന്ന മുദ്രാവാക്യം എസ്ഡിപിഐ മുന്നോട്ടുവച്ചിട്ടുള്ളത്.
ഒരു രാഷ്ട്രത്തിന്റെ വളര്‍ച്ചയും പുരോഗതിയും ആ രാജ്യത്തെ ജനതയുടെ ഗുണ നിലവാരത്തെ അടിസ്ഥാന പെടുത്തിയിരിക്കുന്നു. എന്നാല്‍, മാനവിക മൂല്യങ്ങളെ തകര്‍ക്കുന്ന തരത്തില്‍ ലഹരി ഉപയോഗം നമ്മുടെ നാട്ടില്‍ അതിശക്തമാണ്. കൊച്ചിയില്‍ രണ്ടുമോഡലുകളുടെ ദുരൂഹ മരണത്തിലും ലഹരി തന്നെയായിരുന്നു വില്ലന്‍. വിദ്യാര്‍ഥി- വിദ്യാര്‍ഥിനികളില്‍ വലിയ ശതമാനം ലഹരി ഉപയോഗിക്കുന്നവരാണ് എന്നുള്ള കണക്ക് പുറത്തുവിടുന്നത് സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെയാണ്. ആയതിനാല്‍, സാമൂഹിക പ്രതിബദ്ധതയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ ഭീഷണി കണ്ടില്ലെന്നുവയ്ക്കാനാവില്ല.
ഈ പശ്ചാത്തലത്തിലാണ് എസ്ഡിപിഐ ഒക്ടോബര്‍ ലഹരിക്കെതിരേ കൈ കോര്‍ക്കാം എന്ന തലക്കെട്ടില്‍ 06 മുതല്‍ 20 വരെ നീണ്ടുനില്‍ക്കുന്ന ലഹരി വിരുദ്ധ കാംപയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. കാംപയിന്‍ ഉദ്ഘാടനം ഒക്ടോബര്‍ 06 നു വൈകീട്ട് 4 മണിക്ക് കേച്ചേരിയില്‍ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ് നിര്‍വഹിക്കും. ജില്ലാ പ്രസിഡന്റ് എം ഫാറൂഖ് അധ്യക്ഷത വഹിക്കും.
ജില്ലാ വൈസ് പ്രസിഡന്റുമാരായ ചന്ദ്രന്‍ തിയ്യത്ത്, ഇ എം ലത്തീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് വടക്കൂട്ട്, ജില്ലാ കമ്മിറ്റിയംഗം ഉമര്‍ മുഖ്താര്‍, മണലൂര്‍ മണ്ഡലം പ്രസിഡന്റ് ഇര്‍ഷാദ് മാസ്റ്റര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും,തുടര്‍ന്ന് ലഹരിവിരുദ്ധ ബോധവല്‍ക്കരണം, സൈക്കിള്‍ റാലി, ബൈക്ക് റാലി, ഹൗസ് കാംപയിന്‍, ലഹരി വിരുദ്ധ സംഗമം, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരിക്കെതിരെയുളള കയ്യൊപ്പ് എന്നിവ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി മനാഫ് എം കെ, ജില്ലാ കമ്മിറ്റിയംഗം അബുതാഹിര്‍ കെ ബി, തൃശൂര്‍ മണ്ഡലം പ്രസിഡന്റ് നിസാര്‍ അഹ്മദ് എന്നിവര്‍ സംബന്ധിച്ചു.