ഇറാനും സൗദിയും വീണ്ടും കൈകോര്‍ക്കുന്നു; എംബസികള്‍ തുറക്കാന്‍ നീക്കം

പ്രമുഖ ഷിയാ പണ്ഡിതന്‍ ശെയ്ഖ് നിമര്‍ അല്‍ നിമറിന്റെ വധശിക്ഷ സൗദി നടപ്പാക്കിയതിനു പിന്നാലെ 2016 ജനുവരിയില്‍ തെഹ്‌റാനിലെയും മഷാദിലെയും രണ്ട് സൗദി നയതന്ത്ര കാര്യാലയങ്ങള്‍ ആക്രമിക്കപ്പെട്ടതിനെതുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന ബന്ധത്തില്‍ വിള്ളല്‍ വീണത്.

Update: 2022-01-17 06:35 GMT

തെഹ്‌റാന്‍/ റിയാദ്: നയതന്ത്ര ബന്ധം വിച്ഛേദിച്ച് ആറു വര്‍ഷത്തിന് ശേഷം, ബദ്ധവൈരികളായ ഇറാനും സൗദി അറേബ്യയും സാവധാനം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുകയാണെന്നും എംബസികള്‍ വീണ്ടും തുറക്കാന്‍ തയ്യാറെടുക്കുകയാണെന്നും ഒരു മുതിര്‍ന്ന ഇറാനിയന്‍ പാര്‍ലമെന്റംഗത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അനദൊളു റിപോര്‍ട്ട് ചെയ്തു. ഇറാന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ, വിദേശ നയ കമ്മീഷന്‍ അംഗം ജലീല്‍ റഹിമി ജഹനാബാദിയുടെ കഴിഞ്ഞ ദിവസത്തെ ട്വിറ്റര്‍ പോസ്റ്റില്‍ ഇരു രാജ്യങ്ങളും തങ്ങളുടെ ബന്ധത്തിലുണ്ടായ വിള്ളല്‍ മാറ്റാനുള്ള പാതയിലാണെന്ന് വ്യക്തമാക്കിയിരുന്നു.

പ്രമുഖ ഷിയാ പണ്ഡിതന്‍ ശെയ്ഖ് നിമര്‍ അല്‍ നിമറിന്റെ വധശിക്ഷ സൗദി നടപ്പാക്കിയതിനു പിന്നാലെ 2016 ജനുവരിയില്‍ തെഹ്‌റാനിലെയും മഷാദിലെയും രണ്ട് സൗദി നയതന്ത്ര കാര്യാലയങ്ങള്‍ ആക്രമിക്കപ്പെട്ടതിനെതുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന ബന്ധത്തില്‍ വിള്ളല്‍ വീണത്.

ഇറാഖി സര്‍ക്കാര്‍ മധ്യസ്ഥതയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ബാഗ്ദാദില്‍ നടന്ന ഇരു രാജ്യങ്ങളുടേയും ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ പ്രശ്‌നപരിഹാര സാധ്യത തെളിഞ്ഞിരുന്നു. ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ മാരത്തണ്‍ ചര്‍ച്ചകളില്‍ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ജഹനാബാദിയുടെ ഏറ്റവും പുതിയ പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത് ഒരു വഴിത്തിരിവാണ്.

'ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം 'പുനരുജ്ജീവിപ്പിക്കപ്പെടുന്നു', 'എംബസികള്‍ തുറക്കുന്നതിനുള്ള' തയ്യാറെടുപ്പുകള്‍ നടക്കുന്നു'വെന്ന് പാര്‍ലമെന്റിന്റെ മുന്‍ ജുഡീഷ്യല്‍, ലീഗല്‍ കമ്മിറ്റി തലവനായ ജഹനാബാദി പറഞ്ഞു.

ടെഹ്‌റാനും റിയാദും തമ്മിലുള്ള അടുപ്പം 'പ്രാദേശിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും മുസ്ലീം ലോകത്തിന്റെ ഐക്യം വര്‍ദ്ധിപ്പിക്കുന്നതിനും' സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News