ഹെല്‍സിന്‍കി: പൊതുവിദ്യാഭ്യാസ രംഗത്തും ഉന്നതവിദ്യാഭ്യാസ രംഗത്തും കേരളവുമായി സഹകരിക്കാനുറച്ച് ഫിന്‍ലന്‍ഡ്. ഗവേഷണ സ്ഥാപനങ്ങള്‍ തമ്മിലും അധ്യാപക കൈമാറ്റ പരിശീലന പരിപാടികളിലും കൊച്ചുകുഞ്ഞുങ്ങളുടെ അടിസ്ഥാന വിദ്യാഭ്യാസത്തിലും സാങ്കേതികാടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസത്തിലും സയന്‍സ്, മാത്‌സ് പഠനത്തിലും വിവിധ തലങ്ങളിലെ പഠനത്തിന്റെ മൂല്യനിര്‍ണയത്തിലുമായിരിക്കും തുടക്കത്തിലുള്ള സഹകരണം.
കേരളത്തില്‍ നിന്ന് ചീഫ് സെക്രട്ടറി ഡോ. വി പി ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ സ്‌റ്റേറ്റ് സെക്രട്ടറി ഡാന്‍ കോയ്വുലാസോയുടെ നേതൃത്വത്തിലുള്ള ഫിന്നിഷ് സംഘവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ മന്ത്രി ലി ആന്‍ഡേഴ്‌സന്റെ ക്ഷണമനുസരിച്ചാണ് കേരള സംഘം ഫിന്‍ലന്‍ഡിലെത്തി ചര്‍ച്ച നടത്തിയത്. ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തുടര്‍ചര്‍ച്ചകള്‍ നടത്തും. ഇതിനായി സമയബന്ധിത രൂപരേഖ തയ്യാറാക്കും. കേരളത്തിന്റെ സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനുള്ള ആലോചനകളെക്കുറിച്ച് കേരളസംഘം വിശദീകരിച്ചു. ഫിന്‍ലന്‍ഡ് മോഡല്‍ വിദ്യാഭ്യാസത്തിന്റെ മികച്ച വശങ്ങള്‍ സ്വീകരിക്കാനുള്ള താത്പര്യവും അറിയിച്ചു.
വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തില്‍ മുഖ്യ രാജ്യങ്ങളിലൊന്നായി ഇന്ത്യയെ കാണുന്നതായി ഡാന്‍ കോയ് വുലാസോ പറഞ്ഞു. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിന് ഡല്‍ഹിയില്‍ ഒരു ഫിന്നിഷ് വിദ്യാഭ്യാസ വിദഗ്ധനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തില്‍ സംസ്ഥാനത്തെ എസ്‌സിഇആര്‍ടി., സീമാറ്റ്, എസ്‌ഐഇടി എന്നിവര്‍ പങ്കാളികളാവും.
ഫിന്‍ലന്‍ഡിലെ വാസ് കൈല സര്‍വകലാശാല ഏകോപിപ്പിക്കുന്ന ഗ്ലോബല്‍ ഇന്നൊവേഷന്‍ നെറ്റ് വര്‍ക്ക് ഓഫ് ടീച്ചിങ് ആന്റ് ലേണിങ് (ജികെഎന്‍ടിഎല്‍) ആണ് ഫിന്‍ലന്‍ഡിലെ നോഡല്‍ ഏജന്‍സി. വളരെ കുട്ടിക്കാലത്തുതന്നെ കുഞ്ഞുങ്ങളില്‍ പഛനത്തിന്റെ അടിസ്ഥാനം ഉറപ്പിക്കുന്നതു സംബന്ധിച്ചും കേരളം ഫിന്‍ലന്‍ഡില്‍ നിന്നുള്ള മാതൃകകള്‍ സ്വീകരിക്കും. കേരളത്തില്‍ ലിറ്റില്‍ കൈറ്റ്‌സ് പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സ്റ്റുഡന്റ് ഐടി ക്ലബ് മാതൃക ഫിന്‍ലന്‍ഡില്‍ നടപ്പാക്കുന്നതിനുള്ള പിന്തുണ കേരളം നല്‍കും.