ഇനി കളി കാര്യമാകും ; രാജ്യാന്തര പ്ലയര്‍ ട്രാക്കര്‍ സംവിധാനമൊരുക്കി കേരള ബ്ലാസ്റ്റേഴ്സ്

ആധുനിക ഹൈടെക് സംവിധാനങ്ങള്‍ ഒരുക്കികൊണ്ട് ടീമിന്റെ പ്രകടനം രാജ്യാന്തര നിലവാരത്തിലെത്തിക്കുക എന്നതാണ് ക്ലബ്ബ് മാനേജ്‌മെന്റ് ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ക്ലബ്ബുകളായ യുവന്റസ് എഫ്സി, പാരീസ് സെന്റ് ജെര്‍മെയ്ന്‍, ലിവര്‍പൂള്‍ എന്നിവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്റ്റാറ്റ് സ്‌പോര്‍ട്‌സുമായി ബ്ലാസ്റ്റേഴ്സ് ദീര്‍ഘകാല കരാറിലേര്‍പ്പെട്ടു

Update: 2020-09-07 17:14 GMT

കൊച്ചി: ഐഎസ്എല്‍ ഏഴാം സീസണില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങുകയാണ് കേരളത്തിന്റെ ഫുട്‌ബോള്‍ വികാരമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. അനുഭവ സമ്പത്തേറിയ ടെക്‌നിക്കല്‍ ഡയറക്ടറിന്റെയും, ഹെഡ്‌കോച്ചിന്റെയും പിന്‍ബലത്തില്‍ ആധുനിക ഹൈടെക് സംവിധാനങ്ങള്‍ ഒരുക്കികൊണ്ട് ടീമിന്റെ പ്രകടനം രാജ്യാന്തര നിലവാരത്തിലെത്തിക്കുക എന്നതാണ് ക്ലബ്ബ് മാനേജ്‌മെന്റ് ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ക്ലബ്ബുകളായ യുവന്റസ് എഫ്സി, പാരീസ് സെന്റ് ജെര്‍മെയ്ന്‍, ലിവര്‍പൂള്‍ എന്നിവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്റ്റാറ്റ് സ്‌പോര്‍ട്‌സുമായി ബ്ലാസ്റ്റേഴ്സ് ദീര്‍ഘകാല കരാറിലേര്‍പ്പെട്ടു. പ്രമുഖ വിദേശ ക്ലബ്ബുകളെ കൂടാതെ ബ്രസീല്‍, ഇംഗ്ലണ്ട്, ജര്‍മ്മനി തുടങ്ങിയ മുന്‍നിര ദേശീയ ടീമുകള്‍ക്കായും സ്റ്റാറ്റ് സ്‌പോര്‍ട്‌സ് പ്രവര്‍ത്തിക്കുന്നുണ്ട്.

കളിക്കാരുടെ ഫിറ്റ്നെസ്, പ്രകടനം എന്നിവ നിരീക്ഷിക്കുന്നതിനും പരിക്കുകള്‍ നിയന്ത്രിച്ച് ക്ലബ്ബിന്റെ നിലവാരം ഉയര്‍ത്തുന്നതിനും ലക്ഷ്യമിട്ട് സ്റ്റാറ്റ് സ്‌പോര്‍ട്‌സുമായി സഹകരിക്കുന്ന ആദ്യ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അത്യാധുനികമായ സോന്റാ 3.0 സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അപ്പക്‌സ് പ്രൊ സീരീസ് ഡിവൈസുകളാണ് ഇതിനായി ഉപയോഗിക്കുക. പരിശീലനം ഉള്‍പ്പെടെയുള്ള സമയങ്ങളില്‍ കളിക്കാരുടെ ഫിറ്റ്നസ്, പ്രകടനം പരിക്കുകള്‍ എന്നിവ കൃത്യമായി നിരീക്ഷിക്കുന്നതിന് ഇത് സഹായകരമാകും.രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ഫുട്‌ബോള്‍ ക്ലബ്ബെന്ന നിലയില്‍ കേരള ബ്ലാസ്റ്റേഴ്സുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് വളരെ സന്തോഷമുണ്ടെന്ന് സ്റ്റാറ്റ് സ്‌പോര്‍ട്‌സ് മാനേജിങ് ഡയറക്ടര്‍ പോള്‍ മാകേണന്‍ പറഞ്ഞു.

ഒപ്റ്റിമല്‍ പ്ലെയര്‍ ഡെവലപ്‌മെന്റ് മൈതാനത്ത് ടീമിനെ വിജയത്തിലേക്ക് നയിക്കുവാനത്യാവശ്യമായ ഒരു ഘടകമാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി സ്പോര്‍ട്ടിംഗ് ഡയറക്ടര്‍, കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.സ്റ്റാറ്റ്‌സ്‌പോര്‍ട്‌സ് ലഭ്യമാക്കുന്ന, ഉപയോക്തൃ സൗഹൃദ ലോകോത്തര സാങ്കേതികവിദ്യയുടെ സഹായത്തോടെ, കളിക്കാരുടെ പ്രകടനങ്ങള്‍, ഫിറ്റ്നസ് എന്നിവ നിരീക്ഷിച്ച് പരിക്കുകള്‍ കുറയ്ക്കുന്നതിനും ഫലങ്ങള്‍ നേടുന്നതിനും ഏറ്റവും മികച്ച രീതിയില്‍ പരിശീലനവും, ഗയിം പ്ലാനുകളും ആസൂത്രണം ചെയ്യുന്നതിനും സ്ഥിതിവിവരക്കണക്കുകളും പ്ലെയര്‍ ഡാറ്റയും സമന്വയിപ്പിക്കുന്നതിനും സാധിക്കുമെന്നും കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. 

Tags:    

Similar News