കോണ്‍ഗ്രസ്സിന് കഴിവുള്ളവരെ വേണ്ട!- രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെ പിന്തുണച്ച് ജ്യോതിരാദിത്യ സിന്ധ്യ
ന്യൂഡല്‍ഹി: തന്റെ സമാനമായ പാതയില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിക്കുന്ന രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന് ബിജെപി രാജ്യസഭാ അംഗം ജ്യോതിരാദിത്യ സിന്ധ്യയുടെ പിന്തുണ. തന്റെ മുന്‍ സഹപ്രവര്‍ത്തകനായ സച്ചിന്‍ പൈലറ്റും തന്നെപ്പോലെ അരികുവല്‍ക്കരിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് പീഡിപ്പിക്കുകയാണെന്നും സിന്ധ്യ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് കഴിവുള്ളവരെ കാര്യമായെടുക്കുകയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി- ട്വിറ്ററിലായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണം.
രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റ് തന്റെ അടുത്ത അനുയായികളായ രണ്ടു പേര്‍ക്കൊപ്പം ഡല്‍ഹിയില്‍ എത്തിയിരുന്നു. ബിജെപി കേന്ദ്ര നേതൃത്വവുമായി നടക്കുന്ന ചര്‍ച്ചകളുടെ ഭാഗമാണ് സന്ദര്‍ശനമെന്ന് ഇതിനകം വാര്‍ത്താമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം തങ്ങളുടെ പാര്‍ട്ടിക്ക് യാതൊരു പ്രതിസന്ധിയും രാജസ്ഥാനിലില്ലെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടും പ്രസ്താവിച്ചു.
സച്ചിന്‍ പൈലറ്റിന്റെ നീക്കങ്ങള്‍ക്കു പിന്നില്‍ സിന്ധ്യയുടെ സ്വാധീനം പലരും ഊഹിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ രാജസ്ഥാന്‍ കടന്നുപോകുന്ന അതേ പാതയിലൂടെയാണ് മൂന്നു മാസം മുമ്പ് മധ്യപ്രദേശും കടന്നുപോയത്. അന്ന് സിന്ധ്യ നയിച്ച പടയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപരിശായി. സിന്ധ്യ പിന്നീട് ബിജെപി ടിക്കറ്റില്‍ രാജ്യസഭയിലെത്തി.