ആളുകളെ വിലകുറച്ച് കണ്ടാല്‍ മെസിക്ക് പറ്റിയത് സംഭവിക്കും; തരൂരിനെ അനുകൂലിച്ച് വീണ്ടും മുരളീധരന്‍
കോഴിക്കോട്: ശശി തരൂരിനുള്ള പിന്തുണ ആവര്‍ത്തിച്ച് വ്യക്തമാക്കി കെ മുരളീധരന്‍ വീണ്ടും രംഗത്ത്. തരൂര്‍ ഒരു നേതാവിനെയും വിമര്‍ശിച്ചിട്ടില്ലെന്നും ആളുകളെ വിലകുറച്ച് കണ്ടാല്‍ ഇന്നലെ മെസിക്ക് പറ്റിയത് സംഭവിക്കുമെന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം. ബലൂണ്‍ ചര്‍ച്ചകള്‍ അനാവശ്യമാണ്. തരൂരിന് കേരള രാഷ്ട്രീയത്തില്‍ നല്ല സ്ഥാനമുണ്ട്. മലബാര്‍ ജില്ലകളിലെ സന്ദര്‍ശനത്തില്‍ യാതൊരു വിഭാഗീയതയും തരൂര്‍ നടത്തിയിട്ടില്ല.
കോഴിക്കോട്ടെ പരിപാടിയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് എം കെ രാഘവന്‍ എംപിക്ക് ആവശ്യപ്പെടാം. അതില്‍ തീരുമാനമെടുക്കേണ്ടത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയുമാണ്. അത് അന്വേഷിക്കണമെന്ന ആവശ്യം തനിക്കില്ല. കാരണം, എനിക്കെല്ലാമറിയാം. പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും അവരുടേതായ റോളുണ്ട്. നയതന്ത്രരംഗത്ത് പരിചയമുള്ളവര്‍ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ മന്ത്രിയായിട്ടുണ്ട്.
അല്ലാതെ ബൂത്ത് തലം മുതല്‍ പ്രവര്‍ത്തിച്ച് വന്നവര്‍ മാത്രമല്ല സ്ഥാനങ്ങളിലെത്തുന്നത്. അതിന് എല്ലാ കാലത്തും പ്രാധാന്യമുണ്ട്. ശശി തരൂര്‍ നല്ല എംപിയാണ്. അദ്ദേഹത്തെ താനും വിമര്‍ശിച്ചിട്ടുണ്ട്. ആ കാലത്ത് പോലും അദ്ദേഹം നല്ല എംപിയായിരുന്നു. അദ്ദേഹം നല്ല എംപിയല്ലെന്ന് പറയുന്നത് എതിരാളികള്‍ക്ക് വടികൊടുക്കുന്ന പരിപാടിയാണ്. ഒന്നര വര്‍ഷം കഴിഞ്ഞാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.