കോഴിക്കോട് കടപ്പുറത്ത് മുസ് ലിം ലീഗ് നടത്തിയ മനുഷ്യാവകാശ റാലിയില്‍ ശശി തരൂര്‍ നടത്തിയ പ്രഭാഷണം ഏറെ വിവാദമായിരുന്നു. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്നായിരുന്നു പരാമര്‍ശം. യുന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പോലും, ഹമാസിന്റെ പ്രത്യാക്രമണം സഹികെട്ടപ്പോള്‍ ഉണ്ടായതാണെന്നു വ്യക്തമാക്കിയിരുന്നു. ലീഗ് സമ്മേളനത്തിലെ ജനബാഹുല്യത്തെ പോലും റദ്ദാക്കിയ തരൂരിന്റെ പരാമര്‍ശം ഏറെ ചര്‍ച്ചയ്ക്കും കാരണമാക്കിയിരുന്നു. മുസ് ലിം സംഘടനകള്‍ക്കു പുറമെ സിപിഎം ഉള്‍പ്പെടെയുള്ളവയും ഇതിനെ വിമര്‍ശിക്കുകയും കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, താന്‍ ഫലസ്തീന്‍ ജനതയ്‌ക്കൊപ്പമാണെന്ന് പിന്നീട് ശശി തരൂര്‍ പലപ്പോഴായി എഴുതുകയും പറയുകയും ചെയ്‌തെങ്കിലും ഹമാസിനെ സംബന്ധിച്ച് വ്യക്തത വരുത്തിയിരുന്നില്ല. മാത്രമല്ല, യുഎന്‍ പ്രതിനിധി കൂടിയായിരുന്ന ശശി തരൂര്‍ നേരത്തേ ഇസ്രായേലിന് അനുകൂലമായി എഴുതിയ ലേഖനങ്ങളും മറ്റും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തിരുന്നു.
ഇതിനിടെയാണ് സിപിഎം കഴിഞ്ഞദിവസം കോഴിക്കോട് ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലി നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനാവട്ടെ കോണ്‍ഗ്രസിന്റെ ഫലസ്തീന്‍ നയങ്ങളെ കടന്നാക്രമിക്കുകയും ശശി തരൂരിന്റെ പ്രസംഗത്തെ എടുത്തുപറയുകയും ചെയ്തിരുന്നു. തരൂരിന്റെ പ്രസംഗം മുസ് ലിംസമുദായത്തില്‍ അതൃപ്തിയുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് നേതാക്കളും വിലയിരുത്തിയിരുന്നു. ഇതിനിടെയാണ്, മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഫലസ്തീന്‍ റാലിക്കെതിരേ കെപിസിസി രംഗത്തെത്തുകയും നടപടിയെടുക്കുമെന്ന് അറിയിക്കുകയും ചെയ്തത്. സിപിഎം സംഘടിപ്പിച്ച സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചതും ഇതിനു കെ സുധാകരന്‍ നല്‍കിയ മറുപടിയും ഏറെ വിവാദമായിരുന്നു. ഇത്തരം വിവാദങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസും ഫലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തുന്നത്. എന്നാല്‍, ശശി തരൂരിനെ പങ്കെടുപ്പിച്ചാല്‍ അത് പുലിവാവാകുമോയെന്നാണ് ആശങ്ക.