എസ്ഡിപിഐ പിന്തുണ; താന്‍ എല്ലാവരുടേയും വോട്ട് സ്വീകരിക്കും: കെ മുരളീധരന്‍
തൃശ്ശൂര്‍: തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ പേരുള്ള ആരുടേയും വോട്ട് സ്വീകരിക്കുമെന്ന് കെ മുരളീധരന്‍. എസ്ഡിപിഐ വോട്ട് സ്വീകരിക്കില്ല എന്നത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും താന്‍ എല്ലാവരുടേയും വോട്ട് സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'പാര്‍ട്ടിയ്ക്ക് ചില സംഘടനകളോട് ചില നയങ്ങളുണ്ട്. ആ നയമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഞങ്ങള്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയേയും ന്യൂനപക്ഷ വര്‍ഗ്ഗീയതയേയും എതിര്‍ക്കുന്നുണ്ട്, രണ്ടും തെറ്റാണെന്നാണ് ഞങ്ങളുടെ അഭിപ്രായം. അതേ സമയം തിരഞ്ഞെടുപ്പില്‍ ആരെങ്കിലും വോട്ട് തരാമെന്ന് പറഞ്ഞാല്‍, നയത്തില്‍ മാറ്റമൊന്നുമില്ല. എന്നാല്‍ വോട്ട് ചെയ്യാന്‍ വരുന്നവരോട് വോട്ട് വേണ്ടെന്നും പറയില്ല.'
മുഖ്യമന്ത്രിയ്ക്ക് ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ എന്ത് യോഗ്യതയുണ്ടെന്നും മുരളീധരന്‍ ചോദിച്ചു. എസ്ഡിപിഐയുടെ വോട്ട് നേടി ജയിച്ച മന്ത്രിമാര്‍ ഒപ്പമുള്ളപ്പോള്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുന്നതില്‍ മാത്രമെന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു.