പാലത്തായി പീഡനം: സിപിഎം-ബിജെപി ബാന്ധവത്തിന് പെണ്‍കുട്ടിയെ ഇരയാക്കുന്നു-കെ മുരളീധരന്‍ എംപി
പാലത്തായി കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. സംഘികളെ കുറ്റം പറയുന്ന മുഖ്യമന്ത്രി തന്റെ വകുപ്പിന് കീഴില്‍ അവരെ സംരക്ഷിക്കുകയാണെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി.
കോഴിക്കോട്: പാലത്തായി പീഡന കേസില്‍ പ്രതിയായ ബിജെപി നേതാവിന് എളുപ്പത്തില്‍ ജാമ്യം കിട്ടുന്ന തരത്തിലാണ് കുറ്റപത്രം വളച്ചൊടിച്ചതെന്ന് കെ മുരളീധരന്‍ എംപി. ലാഘവത്തോടെ കേസ് കൈകാര്യം ചെയ്തതില്‍ ആഭ്യന്തര വകുപ്പിനും പോലിസിനും പങ്കുണ്ട്. തുടക്കം മുതല്‍ തേച്ചുമായ്ച്ചു കളയാന്‍ സിപിഎം ശ്രമിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം ബിജെപി ബാന്ധവത്തിനായി പെണ്‍കുട്ടിയെ ഇരയാക്കുകയാണെന്നും കെ മുരളീധരന്‍ ആരോപിച്ചു.
പാലത്തായി കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. സംഘികളെ കുറ്റം പറയുന്ന മുഖ്യമന്ത്രി തന്റെ വകുപ്പിന് കീഴില്‍ അവരെ സംരക്ഷിക്കുകയാണെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി.
പാലത്തായി പീഡന കേസില്‍ ബിജെപി നേതാവായ പത്മരാജനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് പോക്‌സോ ഒഴിവാക്കിയാണ്. പെണ്‍കുട്ടിയുടെ മനോനില ശരിയല്ലാത്തതിനാല്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്നും പ്രതിയുടെ ഫോണ്‍ രേഖകള്‍ അടക്കമുള്ള ശാസ്ത്രീയ രേഖകള്‍ ലഭിച്ചിട്ടില്ലെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്. കേസില്‍ കുറ്റപത്രം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, റിമാന്റ് കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതി പത്മരാജന്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടുപോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്.