കെറെയില്‍: ഭൂമി ഏറ്റെടുക്കല്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്ന് അജ്മല്‍ ഇസ്മായീല്‍
നടപടി ക്രമങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെയാണ് ഏറ്റെടുക്കേണ്ട ഭൂമിയുടെ സര്‍വേ നമ്പരുകള്‍ മുഴുവന്‍ സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെയോ റെയില്‍വേ ബോര്‍ഡിന്റെയോ നീതി ആയോഗിന്റെയോ അനുമതി പോലും ലഭിക്കാതെ കെറെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കായി ഇടതു സര്‍ക്കാര്‍ അമിതാവേശത്തോടെ നടത്തുന്ന ഭൂമി ഏറ്റെടുക്കല്‍ നടപടി ഉടന്‍ നിര്‍ത്തിവെക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍. നടപടി ക്രമങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെയാണ് ഏറ്റെടുക്കേണ്ട ഭൂമിയുടെ സര്‍വേ നമ്പരുകള്‍ മുഴുവന്‍ സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. സാമൂഹികാഘാത പഠനങ്ങള്‍ പൂര്‍ത്തിയാവാതെ നടത്തുന്ന ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും.
പഠനത്തിന്റെ അടിസ്ഥാനത്തില്‍ അലൈന്റ്‌മെന്റില്‍ മാറ്റം വന്നാല്‍ ഇപ്പോള്‍ സര്‍വേ നടത്തിയിരിക്കുന്നത് പാഴാവും. കേരള സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ഏറ്റവും വലിയ പദ്ധതിയായിട്ടു കൂടി നാളിതുവരെ സംസ്ഥാന നിയമസഭയിലോ സംസ്ഥാനത്തെ പാര്‍ലമെന്റ് അംഗങ്ങളുമായോ ഇതേപ്പറ്റി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. കൂടാതെ ഇപ്പോള്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഭൂമിയുടെ ക്രമവിക്രയങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. ഭൂമിയുടെ ക്രയവിക്രയം തടസ്സപ്പെട്ടത് പല കുടുംബങ്ങളിലും കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം ഉള്‍പ്പെടെയുള്ളവയും തടസ്സപ്പെടാന്‍ ഇടയാക്കിയിരിക്കുന്നു. കേരളത്തിന്റെ മണ്ണിനും ആവാസ വ്യവസ്ഥയ്ക്കും ഗുരുതരമായ ആഘാതം സൃഷ്ടിക്കുന്ന പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ അനുമതിയോ ചര്‍ച്ചയോ പോലും ഇല്ലാതെ പദ്ധതിയുമായി മുമ്പോട്ടു പോകാന്‍ ഇടതു സര്‍ക്കാര്‍ കാണിക്കുന്ന തിടുക്കം സംശയകരമാണ്. ജനിക്കാനിരിക്കുന്ന കുട്ടിയെ പോലും കടക്കെണിയിലാക്കുന്ന പദ്ധതി ഗുണകരമാവില്ലെന്ന് വിദഗ്ധരെല്ലാം അഭിപ്രായപ്പെട്ടിരിക്കുകയാണ്. ഇനിയെങ്കിലും യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് അനാവശ്യ പിടിവാശി ഉപേക്ഷിക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാവണമെന്ന് അജ്മല്‍ ഇസ്മായീല്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.