കെ-റെയില്‍ പദ്ധതി പരിസ്ഥിതി ആഘാതം സൃഷ്ടിക്കും: കുറുക്കോളി മൊയ്തീന്‍ എംഎല്‍എ
തിരൂര്‍: കെ-റെയില്‍ പദ്ധതി നിലവിലെ പ്ലാനില്‍ നടപ്പാക്കിയാല്‍ പരിസ്ഥിതിക്കും, ജനങ്ങള്‍ക്കും വലിയ ആഘാതമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും ജനങ്ങള്‍ക്ക് പ്രയാസമാകാത്ത തരത്തില്‍ നടപ്പാക്കാന്‍ പറ്റുമൊ എന്ന കാര്യം പരിശോധിക്കണമെന്നും കുറുക്കോളി മൊയ്തീന്‍ എംഎല്‍എ ആവശ്യപ്പെട്ടു. 2001 ല്‍ എക്‌സ്പ്രസ് ഹൈവേക്കെതിരേ പ്രക്ഷോഭം നടത്താന്‍ നേതൃത്വം നല്‍കിയ ആളാണ് ഇന്നത്തെ മുഖ്യമന്ത്രി. എക്‌സ്പ്രസ് ഹൈവേയേക്കാളും പ്രത്യാഘാതങ്ങള്‍ കെ-റയില്‍ പദ്ധതിയില്‍ ജനങ്ങള്‍ അനുഭവിക്കും. തിരുന്നാവായ പക്ഷി ആവാസ കേന്ദ്രം, താമരക്കുളം, നൂറ് കണക്കിന് ഹെക്ടര്‍ നെല്‍പാടങ്ങള്‍ എന്നിവ തിരൂര്‍ മണ്ഡലത്തില്‍ തന്നെ ഇല്ലാതാകും.ജനങ്ങളുടെ പ്രതിഷേധങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് കഴിയില്ല. കെ-റെയില്‍ പദ്ധതി ഹരിത പദ്ധതിയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഹരിത പദ്ധതികളെ പരിഹസിക്കുന്നതിന് തുല്യമായി. പദ്ധതിക്ക് ചെലവഴിക്കുന്ന പണത്തിന്റെ ബാധ്യത കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും, വരും തലമുറയും അനുഭവിക്കേണ്ടി വരും. ജനങ്ങള്‍ക്ക് ദ്രോഹമാകുന്ന പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.