കെറെയില്‍ സമരസമിതി നിവേദനം നല്‍കി; ആശങ്കകള്‍ അസ്ഥാനത്തല്ലെന്ന് കേന്ദ്ര റെയില്‍ മന്ത്രി
പരപ്പനങ്ങാടി: കെ റെയില്‍ ആശങ്കകള്‍ അസ്ഥാനത്തല്ലെന്നും അതിന്റെ പരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക പ്രശ്‌നങ്ങളും ജനങ്ങള്‍ക്ക് ഉണ്ടാകാന്‍ പോകുന്ന കഷ്ടനഷ്ടങ്ങളും ആശങ്കാജനകം തന്നെയാണെന്നും കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ഈ വസ്തുതകള്‍ ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തിലുള്ള കെറെയില്‍ സമരസമിതി നിവേദക സംഘത്തിനോടാണ് റെയില്‍വേ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
550 ലേറെ കിലോ മീറ്റര്‍ നീളത്തില്‍ 11 ജില്ലകളിലൂടെ കടന്നു പോകുന്ന ഈ പദ്ധതിയിലൂടെ കേരളത്തിന് നികത്താനാകാത്ത നഷ്ടമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് നിവേദക സംഘം മന്ത്രിയോട് വിശദീകരിച്ചു. ഇരുപതിനായിരത്തിലധികം കുടുംബങ്ങള്‍ വഴിയാധാരമാകും. അമ്പതിനായിരത്തിലധികം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കേണ്ടി വരും. എസ്റ്റിമേറ്റ് തയ്യാറാക്കിയതിലും ഇതിനു വേണ്ടി മുടക്കുന്ന സംഖ്യയും അതില്‍ നിന്ന് ലഭിക്കുന്ന പ്രയോജനവും തമ്മില്‍ നോക്കിയാല്‍ വലിയ തോതിലുള്ള പൊരുത്തക്കേട് ഉണ്ടെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിനു മുന്‍പ് തന്നെ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ആരംഭിച്ചുകൊണ്ട് നിഷേധാത്മക നിലപാടാണ് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തിട്ടുള്ളെതന്നും സംഘം മന്ത്രിയെ ധരിപ്പിച്ചു.
കെ പി. എ. മജീദ് എംഎല്‍എ, പരപ്പനങ്ങാടി നഗര സഭ ചെയര്‍മാന്‍ എ.ഉസ്മാന്‍, അഡ്വ. അബൂബക്കര്‍ ചെങ്ങാട്ട്, അബ്ദുല്‍ സലാം തുടങ്ങിവര്‍ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.