പ്രതിപക്ഷനേതാവിന്റെ സുരക്ഷ കുറച്ചത് അല്‍പത്തരം; മോദി ഭക്തനായ മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിച്ചത് തന്നെയെന്നും കെ സുധാകരന്‍

കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ പോലിസ് കാവലില്‍ മംഗലാപുരത്ത് പ്രസംഗിക്കുന്നതും നമ്മള്‍ കണ്ടു. സംഘ പരിവാറിനെതിരെയും കൂട്ടുകക്ഷികളായ സിപിഎമ്മിനെതിരേയും സംസാരിക്കാനും പ്രവര്‍ത്തിക്കാനും പോലിസിന്റെ പിന്‍ബലം കോണ്‍ഗ്രസിനാവശ്യമില്ല.

Update: 2021-10-30 06:41 GMT

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ സുരക്ഷ കുറച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അല്‍പത്തരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

നരേന്ദ്ര മോദിയുടെ ഭക്തനായ മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചത്. പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങാന്‍ മുഖ്യമന്ത്രിക്ക് നൂറു കണക്കിന് പോലിസുകാരുടെയും പാര്‍ട്ടി ഗുണ്ടകളുടെയും അകമ്പടി വേണമെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

എന്നാല്‍, പ്രതിപക്ഷ നേതാവടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജനങ്ങള്‍ക്കിടയിലിറങ്ങാന്‍ ഭയമില്ല. കാരണം ഞങ്ങളുടെ കൈകളില്‍ പാവങ്ങളുടെ രക്തക്കറ പുരണ്ടിട്ടില്ല. ജനം ആക്രമിക്കുമെന്ന ഭയം ഞങ്ങള്‍ക്കില്ല. വിഴിഞ്ഞം കടപ്പുറത്തു നിന്നും ഭോപ്പാലില്‍ നിന്നും ഒക്കെ മുഖ്യമന്ത്രി ഭയന്നോടുന്നത് മലയാളികള്‍ കണ്ടിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ പോലിസ് കാവലില്‍ മംഗലാപുരത്ത് പ്രസംഗിക്കുന്നതും നമ്മള്‍ കണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രതിപക്ഷ നേതാവിന്റെ സുരക്ഷ കുറച്ചത് പിണറായി വിജയന്റെ അല്‍പത്തരമാണ്. നരേന്ദ്ര മോദിയുടെ ഭക്തനായ മുഖ്യമന്ത്രിയില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചത്.

പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങാന്‍ ശ്രീ.വിജയന് നൂറു കണക്കിന് പോലിസുകാരുടെയും പാര്‍ട്ടി ഗുണ്ടകളുടെയും അകമ്പടി വേണമായിരിക്കും. എന്നാല്‍, പ്രതിപക്ഷ നേതാവടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജനങ്ങള്‍ക്കിടയിലിറങ്ങാന്‍ ഭയമില്ല. കാരണം ഞങ്ങളുടെ കൈകളില്‍ പാവങ്ങളുടെ രക്തക്കറ പുരണ്ടിട്ടില്ല. ജനം ആക്രമിക്കുമെന്ന് പിണറായി വിജയനെ പോലെ ഞങ്ങള്‍ക്ക് ഭയമില്ല.

പണ്ട് വിഴിഞ്ഞം കടപ്പുറത്തു നിന്നും ഭോപ്പാലില്‍ നിന്നും ഒക്കെ മുഖ്യമന്ത്രി ഭയന്നോടുന്നത് മലയാളികള്‍ കണ്ടിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ പോലിസ് കാവലില്‍ മംഗലാപുരത്ത് പ്രസംഗിക്കുന്നതും നമ്മള്‍ കണ്ടു. സംഘ പരിവാറിനെതിരെയും കൂട്ടുകക്ഷികളായ സിപിഎമ്മിനെതിരേയും സംസാരിക്കാനും പ്രവര്‍ത്തിക്കാനും പോലിസിന്റെ പിന്‍ബലം കോണ്‍ഗ്രസിനാവശ്യമില്ല.

എന്നാല്‍ പ്രതിപക്ഷ നേതാവ് എന്ന മഹത്തായ സ്ഥാനത്തെ അവഹേളിക്കുന്ന നടപടിയാണ് പിണറായി സ്വീകരിച്ചിരിക്കുന്നത്. നിയമസഭയില്‍ ഭരണപക്ഷത്തെ വിറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന പ്രതിപക്ഷം ഇതുകൊണ്ടൊന്നും തളരില്ല. അഴിമതി വീരന്‍മാരായ പിണറായിയുടെയും സംഘത്തിന്റെയും കൊള്ളരുതായ്മകള്‍ പ്രതിപക്ഷവും പ്രതിപക്ഷനേതാവും കൂടുതല്‍ ശക്തമായി ചൂണ്ടിക്കാണിച്ചിരിക്കും. കാക്കിയിട്ടവരുടെ കാവല്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും!

Tags:    

Similar News