ചിദംബരത്തെ തള്ളി സുധാകരന്‍: കേരളത്തിലെ വിഷയത്തില്‍ അഭിപ്രായം പറയേണ്ടത് കെപിസിസി പ്രസിഡന്റെന്ന് കെ സുധാകരന്‍

കേരളത്തിലെ കാര്യം പറയേണ്ടത് കെപിസിസി പ്രസിഡന്റാണ്. വിഷയത്തില്‍ തങ്ങള്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. ബിഷപ്പിന്റെ അഭിപ്രായത്തെ തള്ളിപ്പറയില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

Update: 2021-09-26 12:22 GMT

തിരുവനന്തപുരം: പാലാ ബിഷപ്പിന്റേത് വികൃത ചിന്തയെന്ന പി ചിദംബരത്തിന്റെ വിമര്‍ശനത്തെ തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പാലാ ബിഷപ്പിനെ തള്ളിപ്പറയില്ലെന്നും കെ സുധാകന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ചിദംബരം ഏത് പശ്ചാത്തലത്തിലാണ് ഇത് പറഞ്ഞതെന്ന് അറിയില്ല. അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടില്ല. കേരളത്തിലെ കാര്യം പറയേണ്ടത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വമാണ്. വിഷയത്തില്‍ തങ്ങള്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. ബിഷപ്പിന്റെ അഭിപ്രായത്തെ തള്ളിപ്പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

കെപിസിസി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം

പാലാ ബിഷപ്പിനെതിരെ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലെഴുതിയ ലേഖനത്തില്‍ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ചിദംബരം ഉയര്‍ത്തിയത്. നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വികലമായ ചിന്തയില്‍ നിന്നുണ്ടായതാണെന്നായിരുന്നു ചിദംബരത്തിന്റെ വിമര്‍ശനം. ഒരു ഭാഗത്ത് മുസ്‌ലിംങ്ങളും മറുഭാഗത്ത് മറ്റുള്ളവരുമെന്ന ചിന്ത സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനുള്ളതാണ്. പാലാ ബിഷപ്പിനെ തീവ്രഹിന്ദു നിലപാടുകാര്‍ പിന്തുണച്ചതില്‍ അത്ഭുതമില്ലെന്നും രണ്ട് കൂട്ടരുടെയും ലക്ഷ്യം ഒന്നു തന്നെയാണെന്നും ചിദംബരം തുറന്നടിച്ചു. ബിഷപ്പിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും നിലപാടുകളെ ലേഖനത്തില്‍ ചിദംബരം അഭിനന്ദിച്ചു. ഇതിന് പിന്നാലെയാണ് ചിദംബരത്തെ തള്ളി പാലാ ബിഷപ്പിനെ പിന്തുണച്ച് സുധാകരന്‍ എത്തിയിരിക്കുന്നത്.

Tags:    

Similar News