തിരുവനന്തപുരം: കെ സുധാകരന്‍ എംപി കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ എത്തി. 11ന് കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ ചുമതലയേല്‍ക്കും. രാവിലെ 11നും 11.30 നും ഇടയിലാണ് ചുമതലയേല്‍ക്കല്‍ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തി സുധാകരന്‍ ഹാരാര്‍പ്പണം നടത്തി.
പത്തരയോടെ കെപിസിസി ആസ്ഥാനമായ ശാസ്തമംഗലത്തെ ഇന്ദിരാഭവനില്‍ സുധാകരന് സേവാദള്‍ വോളണ്ടിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. എഐസിസി അംഗം താരീഖ് അന്‍വര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ ഇന്ദിരാഭവനില്‍ എത്തിയിട്ടുണ്ട്.
കെപിസിസി അധ്യക്ഷനായി സ്ഥാനമേല്‍ക്കുന്ന തനിക്ക് എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്ന് കെ സുധാകരന്‍ ഇന്നലെ ഫേസ് ബുക്കില്‍ അഭ്യര്‍ഥിച്ചിരുന്നു.
'പ്രിയ സഹപ്രവര്‍ത്തകരെ, കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാന്റ് എന്റെ പേര് നിര്‍ദ്ദേശിച്ച വിവരം അറിഞ്ഞു കാണുമല്ലോ. ഈ അവസരത്തില്‍ പാര്‍ട്ടി നേതൃത്വം എന്നില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം വളരെ വലുതാണെന്ന ഉത്തമ ബോധ്യത്തോടെയാണ് ഞാന്‍ ചുമതല ഏറ്റെടുക്കുന്നത്. രാവിലെ 11ന് കെപിസിസി ആസ്ഥാനത്ത് വെച്ച് പാര്‍ട്ടി തന്ന ചുമതല ഔദ്യോഗികമായി ഞാന്‍ ഏറ്റെടുക്കുകയാണ്. എല്ലാവരെയും നേരില്‍ കണ്ട് അനുഗ്രഹം വാങ്ങണമെന്ന നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കണമെന്നും നിങ്ങളുടെ സാന്നിധ്യം ഉണ്ടായിരിക്കണമെന്നും ആഗ്രഹമുണ്ട്. എന്നാല്‍ ഈ പ്രതിസന്ധിഘട്ടത്തില്‍ അത് സാധ്യമല്ലെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. എങ്കിലും എന്റെ പ്രിയ സുഹൃത്തുക്കളെ അനുഗ്രഹങ്ങളും മനസ്സു കൊണ്ടുള്ള സാന്നിധ്യവും എന്നോടൊപ്പം ഉണ്ടാകണമെന്ന് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഞാന്‍ ആവശ്യപ്പെടുന്നു. കെപിസിസി ആസ്ഥാനത്ത് നടക്കുന്ന സ്ഥാനാരോഹണ ചടങ്ങില്‍ ഓണ്‍ലൈനായി നിങ്ങളോരോരുത്തരും പങ്കെടുക്കണമെന്നും തുടര്‍ന്നും നിങ്ങളുടെ വലിയ പിന്തുണ നല്‍കി മുന്നോട്ടുള്ള യാത്രയില്‍ എന്നോടൊപ്പം ഉണ്ടാകണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു'- സുധാകരന്‍ ഫേസ് ബുക്കില്‍ കുറിച്ചു.