തീവ്രഹിന്ദുത്വ സംഘടനയുടെ സംസ്ഥാന സമ്മേളനത്തില്‍ ഉദ്ഘാടകനായി കെ സുധാകരന്റെ പേര്: നിയമനടപടി സ്വീകരിക്കും
എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച് ഹനുമാന്‍ സേന നേതാക്കള്‍ ബന്ധപ്പെട്ടിരുന്നുവെന്നും അവര്‍ക്ക് ഉറപ്പൊന്നും നല്‍കിയില്ല എന്നുമാണ് കെ സുധാകരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അറിയിച്ചത്
കോഴിക്കോട്: തീവ്ര ഹിന്ദുത്വ സംഘടനയായ ഹനുമാന്‍ സേനയുടെ എട്ടാമത് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടകനായി കോണ്‍ഗ്രസ് എം.പി കെ. സുധാകരന്റെ പേര് വെച്ചുള്ള പോസ്റ്റര്‍ പ്രചരിക്കുന്നു. മാര്‍ച്ച് 26ന് കോഴിക്കോട് ടൗണ്‍ ഹാളിലാണ് പരിപാടി നടക്കുന്നത്. മുതിര്‍ന്ന ബി.ജെ.പി നേതാവ് പി പി മുകുന്ദന്‍ അനുഗ്രഹ പ്രഭാഷകനായി പങ്കെടുക്കുന്ന പരിപാടിയിലാണ് കെ സുധാകരനെ ഉദ്ഘാടകനായി കാണിച്ചിട്ടുള്ളത്. 'അധികാരം വേണം ഹൈന്ദവനും' എന്ന മുദ്രാവാക്യത്തില്‍ നടക്കുന്ന പരിപാടിയില്‍ തീവ്ര ഹിന്ദുത്വ നേതാക്കളാണ് മറ്റു പ്രാസംഗികരായി ഉള്ളത്.
എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച് ഹനുമാന്‍ സേന നേതാക്കള്‍ ബന്ധപ്പെട്ടിരുന്നുവെന്നും അവര്‍ക്ക് ഉറപ്പൊന്നും നല്‍കിയില്ല എന്നുമാണ് കെ സുധാകരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അറിയിച്ചത്. പരിപാടിയില്‍ പങ്കെടുക്കാന്‍ സുധാകരന്‍ തീരുമാനിച്ചിട്ടില്ല. അറിയിക്കാതെയാണ് പോസ്റ്റര്‍ തയ്യാറാക്കിയത്. പങ്കെടുക്കുമെന്നത് വ്യാജമാണെന്നും പേഴ്‌സണല്‍ സ്റ്റാഫ് അറിയിച്ചു. അനുമതിയില്ലാതെ പേരുവച്ച് വ്യാജപോസ്റ്റര്‍ തയ്യാറാക്കിയതിന് എതിരെ പോലിസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം വ്യാജ പോസ്റ്റര്‍ തയ്യാറാക്കിയതിനെതിരെ കെ സുധാകരന്‍ എം പിയുടെ പരാതിയില്‍ കേസെടുത്തതായി കണ്ണൂര്‍ പോലിസ് അറിയിച്ചു.