ഇനി കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ ഫ്രീസറില്‍; കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി 16ന് ചുമതലയേല്‍ക്കും
വര്‍ക്കിങ് പ്രസിഡന്റുമാരായി കൊടിക്കുന്നില്‍ സുരേഷ്, പി ടി തോമസ്, ടി സിദ്ദീഖ് എന്നിവരും ചുമതലയേറ്റെടുക്കും
തിരുവനന്തപുരം: കെ സുധാകരന്‍ എംപി കെപിസിസി പ്രസിഡന്റായി 16ന് രാവിലെ 11നും 11.30നും ഇടയില്‍ ചുമതല ഏല്‍ക്കും. വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, പി ടി തോമസ് എംഎല്‍എ, ടി സിദിഖ് എംഎല്‍എ എന്നിവരും ചുമതലയേറ്റെടുക്കും. മുതിര്‍ന്ന നേതാക്കളെ സന്ദര്‍ശിച്ച ശേഷമാണ് ചുമതല ഏറ്റെടുക്കാനുള്ള തിയതി തീരുമാനിച്ചത്.
കേഡര്‍ സ്വഭാവത്തിലേക്ക് കോണ്‍ഗ്രസിനെ മാറ്റുമെന്ന് കഴിഞ്ഞ ദിവസം, കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം, ഗ്രൂപ്പുകള്‍ക്ക് ഇനി കോണ്‍ഗ്രസില്‍ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് സ്ഥാനം എന്നിവ നിശ്ചയിച്ച ശേഷം ഹൈക്കമാന്റ, യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചിട്ടുണ്ട്.
കണ്‍വീനര്‍ സ്ഥാനത്തുനിന്നും എംഎം ഹസനെ മാറ്റിയേക്കില്ല എന്ന് സൂചന ലഭിക്കുന്നുണ്ടെങ്കിലും സമ്പൂര്‍ണ അഴിച്ചുപണിയുടെ ഭാഗമായി കണ്‍വീനര്‍ സ്ഥാനത്തേക്കും പുതിയൊരാള്‍ വന്നേക്കുമെന്ന പ്രചരണവുമുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ മുരളീധരന്‍, കെവി തോമസ് എന്നിവരുടെ പേരുകളാണ് കേള്‍ക്കുന്നത്.
ഉമ്മന്‍ ചാണ്ടി കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന എംഎല്‍എ എന്ന നിലയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രത്യേക പരിഗണന ഉണ്ടാകാന്‍ സാധ്യതയുണ്ട്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് മുന്‍പ് പരിഗണിക്കപ്പെട്ടിരുന്ന പിടി തോമസിനെ കെപിസിസി തലപ്പത്തേക്ക് തിരഞ്ഞെടുത്തിരുന്നു.
കെ മുരളീധരനും ഹൈക്കമാന്‍ഡിന്റെ ശക്തമായ പിന്തുണയുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉള്‍പ്പെടെ മുരളീധരന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ നിലവില്‍ ഹസനെ നീക്കം ചെയ്യേണ്ടതില്ലെന്ന വാദവും ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുണ്ട്. അതേസമയം, യുഡിഎഫ് കണ്‍വീനര്‍ തിരഞ്ഞെടുപ്പിലും ഒരു 'തലമുറ മാറ്റം' ഉണ്ടാകാനാണ് സാധ്യത.