മുല്ലപ്പള്ളിയുടെ രാജി സന്നദ്ധത അംഗീകരിച്ചു; ശക്തമായ നേതൃത്വം വേണമെന്ന് പൊതുവികാരം; ഗ്രൂപ്പ് താല്‍പര്യം പരിഗണിച്ചില്ലെങ്കില്‍ സുധാകരന് നറുക്ക് വീഴും
മുല്ലപ്പള്ളിയെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തലയുടെ ഫേസ് ബുക് പോസ്റ്റ്; ഗ്രൂപ്പിന് അതീത കൂട്ടുകെട്ടുകള്‍ രൂപപ്പെടുന്നതായി സൂചന
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ രാജി സന്നദ്ധത ഹൈക്കമാന്‍ഡ് അംഗീകരിച്ചു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റൊരാളെ പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളി രാജി സന്നദ്ധത അറിയിച്ചത്. രാജിവെച്ചില്ലെങ്കില്‍ പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ സംഭവിച്ചത് പോലെ ഒരു മോശം പിന്‍മടക്കം തന്റെ കാര്യത്തിലും ഉണ്ടാകുമെന്ന തിരിച്ചറിവിലാണ് മുല്ലപ്പള്ളിയുടെ നീക്കം.
അതിനിടെ, ഇന്നലെ രാത്രി വൈകി, രമേശ് ചെന്നിത്തല മുല്ലപ്പള്ളിക്ക് എല്ലാ ആശംസയും നേര്‍ന്ന് ഫേസ് ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഇത് കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളും കൂട്ടുകെട്ടുകളും രൂപപ്പെടുന്നതിനുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്.
അതേസമയം, കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള കെ സുധാകരന്റെ സാധ്യത വര്‍ധിച്ചിരിക്കുകയാണ്. കെപിസിസി അധ്യക്ഷനായി മറ്റൊരു പേര് ഉയര്‍ന്ന് വരാത്ത സാഹചര്യത്തിലാണ് സുധാകരന്റെ സാധ്യത ഏറുന്നത്. എന്നാല്‍ കേരളത്തിലെ ഇരു ഗ്രൂപ്പുകളും ഈ നീക്കത്തിനെതിരേ ശക്തമായ വിയോജിപ്പുമായി രംഗത്തുണ്ട്. സുധാകരന്‍ പാര്‍ട്ടി അധ്യക്ഷനായാല്‍, എ ഐ ഗ്രൂപ്പുകളുടെ സാന്നിദ്ധ്യം തന്നെ അപ്രസക്തമാവും എന്ന ഭയമാണ് ഇരു ഗ്രൂപ്പുകളെയും വേട്ടയാടുന്നത്. എന്നാല്‍, സ്വതന്ത്ര നിലപാട് സ്വീകരിക്കുന്ന നേതാക്കളും എംഎല്‍എമാരും നിലവിലുള്ള ഗ്രൂപ്പ് നേതൃനിര മാറണം എന്ന ഉറച്ച നിലപാടിലാണ്. സംസ്ഥാനത്ത് ഇടതു ആധിപത്യത്തെ നേരിടാന്‍ ശക്തമായ നേതൃത്വം വേണമെന്നാണ് പൊതുവികാരമുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗത ശൈലിയില്‍ പൊതുവികാരങ്ങളൊന്നും അന്തിമ തീരുമാനങ്ങളില്‍ പ്രതിഫലിക്കാറില്ല. എങ്കിലും, ഹൈക്കമാന്‍ഡ് ഗ്രൂപ്പ് താല്‍പര്യം പരിഗണിച്ചില്ലെങ്കില്‍ സുധാകരന് നറുക്ക് വീഴാന്‍ തന്നെയാണ് സാധ്യത.
പക്ഷേ, കെപിസിസി അധ്യക്ഷന്റെ കാര്യത്തിലും ഒരു 'തലമുറ മാറ്റം' കൊണ്ടുവന്നാല്‍ ഗ്രൂപ്പുകളുടെ നിസ്സഹകരണവും പരസ്യപ്രതികരണവും ഉണ്ടാവുമോ എന്ന ആശങ്ക ഹൈക്കമാന്‍ഡിനുണ്ട്. ഏതായാലും പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ സംഭവിച്ച പോലെ ഒരു നാണം കെട്ട പിന്മാറ്റം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലാണ് കെപിസിസി പ്രസിഡന്റ് രാജി സന്നദ്ധതയിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്.