കെപിസിസിയിലും മാറ്റം വരും; ഹൈക്കമാന്‍ഡിന്റെ ഏത് തീരുമാനവും അംഗീകരിക്കുമെന്ന് മുല്ലപ്പള്ളി
'തീരുമാനം വരാതെ ഇട്ടേച്ച് പോയാല്‍ നിങ്ങള്‍ എന്ത് പറയുമെന്നും' കെപിസിസി പ്രസിഡന്റ്
തിരുവനന്തപുരം: ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ മാറാന്‍ തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി നേരത്തെ പറഞ്ഞിരുന്നു. എത്രയും പെട്ട് ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം. തീരുമാനം വരാതെ ഇട്ടേച്ച് പോയാല്‍ നിങ്ങള്‍ എന്തുപറയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.
വിഡി സതീശന് എല്ലാഭാവുകങ്ങളും നേരുന്നതായും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി വിഡി സതീശനെ നാമനിര്‍ദ്ദേശം ചെയ്യുന്നതായി മല്ലികാര്‍ജ്ജുന ഗാര്‍ഗെ രാവിലെ അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല ഏറ്റവും നന്നായി പ്രവര്‍ത്തിച്ചിരുന്നു. കഠിനാധ്വാനിയാണ് അദ്ദേഹം. കഴിഞ്ഞ് ഇടതു സര്‍ക്കാരിന്റെ അഴിമതികള്‍ പുറത്ത് കൊണ്ടുവരുന്നതില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിഡി സതീശനെ നിയമസഭ കക്ഷി നേതാവായി അറിയിച്ചുള്ള കത്തു സ്പീക്കര്‍ക്ക് നല്‍കുമെന്നും മുല്ലപ്പള്ളി അറിയിച്ചു.