പി സി ജോര്‍ജിന്റെ കസ്റ്റഡി അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമെന്ന് കെ സുരേന്ദ്രന്‍

കേരളത്തിലെ അറിയപ്പെടുന്ന മുതിര്‍ന്ന രാഷ്ട്രീയ നേതാവിനെ ഒരു പ്രസംഗത്തിന്റെ പേരില്‍ പുലര്‍ച്ചെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് മൂന്ന് മണിക്കൂര്‍ ദൂരെയുള്ള പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുന്നത് പിണറായി സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനത്തിനുള്ള തെളിവാണെന്നും സുരേന്ദ്രന്‍ പറഞ്ഞു

Update: 2022-05-01 04:25 GMT

തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കയറി പി സി ജോര്‍ജിനെ പോലിസ് കസ്റ്റഡിയിലെടുത്ത നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിലെ അറിയപ്പെടുന്ന മുതിര്‍ന്ന രാഷ്ട്രീയ നേതാവിനെ ഒരു പ്രസംഗത്തിന്റെ പേരില്‍ പുലര്‍ച്ചെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് മൂന്ന് മണിക്കൂര്‍ ദൂരെയുള്ള പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുന്നത് പിണറായി സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനത്തിനുള്ള തെളിവാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുസ്‌ലിം മത മൗലികവാദികള്‍ വര്‍ഗീയ വിഷം ചീറ്റിയിട്ടും ഒരു നടപടിയും എടുക്കാത്ത സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് പി സി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തതോടെ വ്യക്തമാകുന്നത്. ഇസ്‌ലാമിക വര്‍ഗീയ ശക്തികള്‍ക്ക് എന്തും പറയാം എന്തും ചെയ്യാം, എന്നാല്‍ ആരും ഇതിനെതിരെ പ്രതികരിക്കരുതെന്നാണ് പിണറായി പറയുന്നത്. അത് അംഗീകരിച്ചു തരാന്‍ ബിജെപി തയ്യാറല്ല. ജിഹാദികള്‍ക്ക് മുമ്പില്‍ മുട്ടിലിഴയുന്ന സര്‍ക്കാര്‍ ഹൈന്ദവ ക്രൈസ്തവ നേതാക്കളെ വേട്ടയാടുകയാണ്. ഇടത് സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരേ ബിജെപി ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ഹിന്ദു മഹാപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വര്‍ഗീയ പ്രസംഗം നടത്തിയതിനാണ് പി സി ജോര്‍ജിനെ പോലിസ് കസ്റ്റഡിയിലെടുത്തത്.കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്ന് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ തിരുവനന്തപുരം ഫോര്‍ട്ട് പോലിസാണ് വിദ്വേഷ പ്രസംഗക്കേസില്‍ കേസെടുത്തത്.ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.

കച്ചവടം ചെയ്യുന്ന മുസ്‌ലിംകള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്‌ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിംകളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്‌ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു, തുടങ്ങി വളരെ ഗൗരവകരമായ വര്‍ഗീയ പ്രചാരണമാണ് സമ്മേളനത്തില്‍ പി സി ജോര്‍ജ് നടത്തിയത്.

വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിനെതിരേ നടപടി ആവശ്യപ്പെട്ട് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.യൂത്ത് ലീഗിന് പുറമേ എസ്ഡിപിഐ,പോപ്പുലര്‍ ഫ്രണ്ട്,ഡിവൈഎഫ്‌ഐ തുടങ്ങിയ സംഘടനകളും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News