തരിയം ഫോട്ടോ ജേര്‍ണലിസം അവാര്‍ഡ് കമാല്‍ കാസിമിന്
20000 ദിര്‍ഹവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 2011ലും കമാല്‍ കാസിമിനെ തേടി ഈ പുരസ്‌കാരമെത്തിയിരുന്നു.
ഷാര്‍ജ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന തരിയം ഒമ്രാന്‍ കള്‍ച്ചറല്‍ ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ വര്‍ക് ഫൗണ്ടേഷന്റെ പതിനാറാമത് ഫോട്ടോ ജേര്‍ണലിസം അവാര്‍ഡ് കമാല്‍ കാസിമിന്. 20000 ദിര്‍ഹവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 2011ലും കമാല്‍ കാസിമിനെ തേടി ഈ പുരസ്‌കാരമെത്തിയിരുന്നു. തരിയം ഒമ്രാന്‍ റിസേര്‍ച് സെന്ററിന്റെ വാര്‍ഷിക സമ്മേളനത്തില്‍ യൂഎഇ ടോളറന്‍സ് മിനിസ്റ്റര്‍ ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനില്‍ നിന്നും കമാല്‍ അവാര്‍ഡ് സ്വീകരിച്ചു. കഴിഞ്ഞ 23 വര്‍ഷമായി ഗള്‍ഫിലുള്ള തൃശൂര്‍ ജില്ലയിലെ ചാവക്കാട് സ്വദേശിയായ കമാല്‍ കാസ്സിം 13 വര്‍ഷമായി ഗള്‍ഫ് ടുഡേ ഇംഗ്ലീഷ് ദിനപത്രത്തിലെ ഫോട്ടോ ജേണലിസ്റ്റാണ്. 16 അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ ഒട്ടനവധി ഫോട്ടോഗ്രാഫി പുരസ്‌കാരങ്ങള്‍ കമാലിനെ തേടിയെത്തിയിട്ടുണ്ട്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവെല്ലിനോടനുബന്ധിച്ചു നല്‍കിയ മീഡിയ പുരസ്‌കാരങ്ങളില്‍ ഫോട്ടോഗ്രാഫി വിഭാഗത്തില്‍ തുടര്‍ച്ചയായി ആറു തവണയും കമാലിനായിരുന്നു പുരസ്‌കാരം. ഗ്ലോബല്‍ വില്ലേജിന്റെ മീഡിയ പുരസ്‌കാരം രണ്ടു തവണ ലഭിച്ചിട്ടുണ്ട്.
കൂടാതെ യൂഎഇ എക്‌സ്‌ചേഞ്ച് ചിരന്തന മീഡിയ അവാര്‍ഡ്, പ്രചര കള്‍ച്ചറല്‍ ട്രസ്‌റ് ഫോട്ടോഗ്രാഫി എക്‌സലന്‍സി അവാര്‍ഡ്, പ്രവാസി ഫോറം എക്‌സലന്‍സി അവാര്‍ഡ്, ദുബായ് കെഎംസിസി ഫോട്ടോഗ്രാഫി എക്‌സലന്‍സി അവാര്‍ഡ്, ഒരുമ ഫോട്ടോഗ്രാഫി എക്‌സലന്‍സി അവാര്‍ഡ്, ഇന്തോഅറബ് കള്‍ച്ചറല്‍ ട്രസ്‌റ് ഫോട്ടോഗ്രാഫി എക്‌സലന്‍സി അവാര്‍ഡ്, ബെസ്റ്റ് ഫോട്ടോ ഷാര്‍ജ ഗ്രാന്‍പിക്‌സ് അവാര്‍ഡ്, വേള്‍ഡ് ഹാന്‍ഡ്ബാള്‍ ഫെഡറേഷന്‍ ബെസ്റ്റ് ഫോട്ടോ അവാര്‍ഡ്, പെപ്‌സി ഇന്റര്‍നാഷന്‍ ഗോള്‍ഡ് മെഡല്‍ അവാര്‍ഡ്, ഖത്തര്‍ നാഷണല്‍ ഫോട്ടോഗ്രാഫിക് അസോസിയേഷന്‍ ബെസ്റ്റ് ഫോട്ടോ അവാര്‍ഡ്, നെഹ്‌റു മെമ്മോറിയല്‍ ബെസ്റ്റ് ഫോട്ടോഗ്രാഫര്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
സുനാമി, ജല ദൗര്‍ലഭ്യം, ഇന്തോ അറബ് കള്‍ച്ചര്‍, മരുഭൂമിയിലെ ജീവിതം തുടങ്ങിയ വിഷയങ്ങളില്‍ ഫോട്ടോഗ്രാഫി എക്‌സിബിഷനുകളും നടത്തിയിട്ടുണ്ട്. ഷെമീമ കമല്‍ ഭാര്യയും വിദ്യാര്‍ത്ഥികളായ ഷഹീന്‍ ഷാ കമാല്‍, റിയ നൗറീന്‍ കമാല്‍ മക്കളുമാണ്.