കങ്കണ റണാവത്ത് വിവാദം: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിക്ക് ഫോണ്‍ വഴി ഭീഷണിയെന്ന്

Update: 2020-09-09 04:42 GMT

നാഗ്പൂര്‍: ബോളിവുഡ് നടി കങ്കണ റണാവത്തിനെ വിമര്‍ശിച്ചതിന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിക്ക് ഫോണ്‍ വഴി ഭീഷണി സന്ദേശം. മന്ത്രി അനില്‍ ദേശ്മുഖിന്റെ നാഗ്പൂര്‍ ഓഫിസിലേക്കാണ് ഭീഷണി സന്ദേശം വന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഭീഷണിയുടെ ഉള്ളടക്കം എന്താണെന്ന് വ്യക്തമല്ല.

മറ്റിടങ്ങളില്‍ നിന്ന് മുംബൈയിലെത്തിയ ഒരു പെണ്‍കുട്ടി(കങ്കണ) മുംബൈ നിവാസികളെയും മുംബൈ പോലിസിനെയും അപമാനിക്കുകയാണെന്നും അത് അനുവദിക്കില്ലെന്നും കഴിഞ്ഞ ദിവസം ദേശ്മുഖ് നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു. അതിനോടുള്ള പ്രതികരണമായാണ് ഭീഷണി സന്ദേശമെന്നാണ് വിവരം.

ബോളിവുഡ് നടന്‍ സുശാന്ത് സിങ് റജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കങ്കണയും മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള പ്രശ്‌നം തുടങ്ങുന്നത്. സുശാന്ത് സിങ്ങിന്റെ കേസില്‍ മുംബൈ പോലിസിനെ തനിക്ക് വിശ്വാസമില്ലെന്ന് കങ്കണ അഭിപ്രായപ്പെട്ടിരുന്നു.

ഇതിനു പകരമായി കങ്കണയ്ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും ഭരണകക്ഷിയും ആരോപിച്ചു. താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന ആരോപണത്തിന് അന്വേഷണത്തിന് തയ്യാറാണെന്നും കങ്കണ പറഞ്ഞു.

കേസില്‍ മുംബൈ പൊലിസുമായി സഹകരിക്കാന്‍ തനിക്ക് സന്തോഷമുണ്ടെന്നും മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനുള്ള വൈദ്യപരിശോധനയ്ക്കും മയക്കുമരുന്നു കച്ചവടക്കാരുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കാനുള്ള ഫോണ്‍ കോള്‍ പരിശോധനയ്ക്കും തയ്യാറാണെന്നും കങ്കണ ട്വീറ്റ് ചെയ്തിരുന്നു. മാത്രമല്ല, ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ മുംബൈ വിടാമെന്നും അവര്‍ വെല്ലുവിളിച്ചു. 

Tags:    

Similar News