ലോക്‌സഭാ തിരഞ്ഞെടുപ്പ്: കരീനകപൂര്‍ ഭോപ്പാലില്‍നിന്ന് ജനവിധിതേടുമോ?

നാലു പതിറ്റാണ്ടായി ബിജെപിയ്‌ക്കൊപ്പം നില്‍ക്കുന്ന മണ്ഡലത്തില്‍ ബിജെപിയെ തറപറ്റിക്കാന്‍ കരീന കപൂറിലൂടെ കഴിയുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസ് നേതാക്കളായ ഗുദ്ദു ചൗഹാനും അനീസ് ഖാനും പങ്കുവയ്ക്കുന്നത്. കരീന കപൂറിനെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ഇക്കുറി കോണ്‍ഗ്രസിന് വിജയം ഉറപ്പാണെന്നാണ് നേതാക്കളുടെ അഭിപ്രായം.

Update: 2019-01-21 11:36 GMT

ഭോപ്പാല്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഏതുവിധേനയും ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലം പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. അതിനായി ബോളിവുഡ് താരറാണി കരീന കപൂറിനെതന്നെ ഗോദയിലിറക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോവുകയാണ് കോണ്‍ഗ്രസ് നേതൃത്വം. നാലു പതിറ്റാണ്ടായി ബിജെപിയ്‌ക്കൊപ്പം നില്‍ക്കുന്ന മണ്ഡലത്തില്‍ ബിജെപിയെ തറപറ്റിക്കാന്‍ കരീന കപൂറിലൂടെ കഴിയുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസ് നേതാക്കളായ ഗുദ്ദു ചൗഹാനും അനീസ് ഖാനും പങ്കുവയ്ക്കുന്നത്. കരീന കപൂറിനെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ഇക്കുറി കോണ്‍ഗ്രസിന് വിജയം ഉറപ്പാണെന്നാണ് നേതാക്കളുടെ അഭിപ്രായം.

കരീനയെ സ്ഥാനാര്‍ത്ഥിയായി ശുപാര്‍ശ ചെയ്യാന്‍ നിരവധി കാരണങ്ങള്‍ ഇവര്‍ മുന്നോട്ട് വയ്ക്കുന്നു. ഒന്നാമതായി കരീനയുടെ ഭര്‍ത്താവ് സെയ്ഫ് അലിഖാന്റെ ജന്മസ്ഥലമാണ് ഭോപ്പാല്‍. ഇടയ്ക്കിടെ കുടുംബ സമേതം ഇവര്‍ ഭോപ്പാല്‍ സന്ദര്‍ശിക്കാറുണ്ട്. മണ്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ മരുമകള്‍ എന്ന പദവിയും കരീനയെ ഭോപ്പാലില്‍ തുണയ്ക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. സെയ്ഫ് അലിഖാന്റെ പിതാവായ മണ്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയിലെ നവാബായിരുന്നു, മാത്രമല്ല മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. പട്ടൗഡി കുടുംബത്തിന് ഭോപ്പാലുമായുള്ള ബന്ധം വളരെ വലുതാണ്.ഇതിനെല്ലാം പുറമെ കരീനയുടെ ആരാധകരുടെ വോട്ടുകളാണ് കോണ്‍ഗ്രസ് നേതാക്കളുടെ ലക്ഷ്യം. ചെറുപ്പക്കാരായ വോട്ടര്‍മാര്‍ ഒരുപാടുള്ള മണ്ഡലമാണ് ഭോപ്പാല്‍. കരീനയുടെ ജനപ്രീതി ഇവിടെ വോട്ടായി മാറുമെന്നാണ് ഇവരുടെ വാദം. ഇക്കാര്യങ്ങള്‍ ധരിപ്പിക്കാനായി മുഖ്യമന്ത്രി കമല്‍നാഥുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിരിക്കുകയാണ് നേതാക്കള്‍.

അതേസമയം, കരീന കപൂറിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള മുറവിളിക്കെതിരേ പരിഹാസവുമായി ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസിന് ശക്തരായ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതിനാലാണ് ഇവര്‍ ഒരു നടിക്ക് പിന്നാലെ പോകുന്നതെന്ന് ഭോപ്പാലിലെ സിറ്റിംഗ് എംപി അലോക് സജ്ഞാര്‍ വിമര്‍ശിച്ചു. മധ്യപ്രദേശില്‍ മത്സരിക്കാന്‍ മുംബൈയില്‍ നിന്നും സ്ഥാനാര്‍ത്ഥികളെ ഇറക്കുമതി ചെയ്യേണ്ട സ്ഥിതിയിലാണ് കോണ്‍ഗ്രസെന്നും ഇത്തവണയും ഭോപ്പാലില്‍ ബിജെപി തന്നെ വിജയിക്കുമെന്നും അലോക് സജാര്‍ പറഞ്ഞു.

Tags:    

Similar News