അര്‍ജുനായി രക്ഷാദൗത്യം തുടരുന്നതില്‍ പ്രതിസന്ധിയെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി
ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായി രക്ഷാദൗത്യം തുടരുന്നതില്‍ പ്രതിസന്ധിയെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ഗംഗാവാലി പുഴയിലെ അടിയൊഴുക്ക് വെല്ലുവിളിയാണ്. അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തി. പ്രതികൂല സാഹചര്യങ്ങളാണെങ്കിലും ദൗത്യം അവസാനിപ്പിക്കില്ലെന്നും തിരച്ചില്‍ തുടരുമെന്നും ശിവകുമാര്‍ വ്യക്തമാക്കി.
ഗംഗാവാലി പുഴയിലെ ഒഴുക്ക് കുറയുന്നതിന് അനുസരിച്ച് പുഴയില്‍ ഇറങ്ങി പരിശോധിക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. പുഴയിലെ ഒഴുക്കിന്റെ അളവ് എല്ലാ ദിവസവും പരിശോധിക്കുന്നുമുണ്ട്. അഞ്ച് നോട്ടിക്കല്‍ മൈലിന് മുകളിലാണ് നിലവില്‍ പുഴയിലെ ഒഴുക്ക്. ഈ സാഹചര്യത്തില്‍ പുഴയില്‍ ഡൈവ് ചെയ്യാനോ ഡ്രഡ്ജ് ചെയ്യാനോ സാധിക്കില്ല. അതുകൊണ്ട് തന്നെ പുഴയിലെ ഒഴുക്ക് കുറയുന്നതിനനുസരിച്ചായിരിക്കും പരിശോധന.