തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരുടെ പ്ലാസ്മാദാനത്തെ അഭിനന്ദിച്ചു; കര്‍ണാടകയില്‍ ഐഎഎസ്സുകാരന് കാരണം കാണിക്കല്‍ നോട്ടീസ്

Update: 2020-05-03 06:49 GMT

ബംഗളൂരു: കൊവിഡ് ചികില്‍സയ്ക്ക് പ്ലാസ്മ ദാനം ചെയ്ത തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ അഭിനന്ദിച്ച കര്‍ണാടക ഐഎഎസ് ഓഫിസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. കര്‍ണാടകയിലെ യദ്യൂരപ്പ സര്‍ക്കാരാണ് മുഹമ്മദ് മൊഹ്‌സിന്‍ ഐഎഎസ്സിന് തബ്‌ലീഗ് ജമാഅത്തിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

ഏപ്രില്‍ 27നാണ് മുഹമ്മദ് മൊഹ്‌സിന്‍ ട്വീറ്റ് ചെയ്തത്. ''മുന്നൂറോളം തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ രാജ്യത്തിനു വേണ്ടി പ്ലാസ്മ ദാനം ചെയ്തിരിക്കുന്നു. എന്തുപറ്റി മാധ്യമങ്ങള്‍ക്ക്? ഇവരുടെ മനുഷ്യസ്‌നേഹപരമായ നടപടികളെ കുറിച്ച് അവര്‍ പറയുന്നില്ലേ''-എന്നായിരുന്നു ട്വീറ്റ്.

ട്വീറ്റ് പുറത്തുവന്ന ഉടനെ അതിനെ കുറിച്ച് സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് നിരവധി പരാതികള്‍ സര്‍ക്കാരിനു ലഭിച്ചു. തബ്‌ലീഗ് പ്രവര്‍ത്തകരെ വെള്ളപൂശുന്നുവെന്നാണ് ആരോപണം.


 

കൊവിഡ് 19ന്റെ ഗുരുതരമായ സ്വഭാവം കണക്കിലെടുത്ത് ഈ ട്വീറ്റിന് മാധ്യമങ്ങളില്‍ ലഭിച്ച പ്രതികൂല കവറേജ് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്നാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നത്. അദ്ദേഹത്തിനെതിരേ ഹിന്ദുത്വര്‍ നല്‍കിയ പരാതിയിലാണ് നടപടിയെന്ന് ഇത് സൂചിപ്പിക്കുന്നു.

അഖിലേന്ത്യാസര്‍വീസ് റൂളിന്റെ വിവിധ വകുപ്പുകള്‍ ലംഘിച്ചുവെന്നും 5 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചതിന് സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനാണ് മൊഹ്‌സിന്‍.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപ്പീലുകള്‍ ഉള്‍പ്പെടെ സര്‍ക്കാരില്‍ നിന്നും ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുമുള്ള കൊവിഡ് 19 ഹെല്‍പ്പ് ലൈന്‍ നമ്പറുകളെക്കുറിച്ച് 40 അല്ലെങ്കില്‍ 50 ല്‍ കുറയാത്ത പോസ്റ്റുകള്‍ ഞാന്‍ ഷെയര്‍  ചെയ്തിട്ടുണ്ട്- മൊഹ്‌സിന്‍ പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. 


ഇന്ത്യയില്‍ മാരകമായ വൈറസ് പടരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം തബ്‌ലീഗ് ജമാഅത്തിനാണെന്ന് ആരോപിച്ച് ഗുരുതരമായ പ്രചാരണപ്രവര്‍ത്തനങ്ങളാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരേ മാധ്യമങ്ങള്‍ നടത്തിയത്. പിന്നീട് അറബ് സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണങ്ങളാണ് അത് വലിയ തോതില്‍ കുറഞ്ഞത്. അറബ് രാജ്യങ്ങളിലെ പ്രകോപനം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും ഇതിനെതിരേ നിലപാടെടുക്കാന്‍ നിര്‍ബന്ധിതരാക്കി. 

Tags:    

Similar News