പ്ലാസ്മ ദാനം ചെയ്ത് തബ് ലീഗുകാര്‍; 'സൂപര്‍ ഹീറോ'സെന്ന് സോഷ്യല്‍ മീഡിയ

സൂപര്‍ ഹീറോസ്, സൂപര്‍ സേവേഴ്‌സ് തുടങ്ങിയ വാക്കുകളോടെയാണ് പലരും തബ് ലീഗ് പ്രവര്‍ത്തകരുടെ പ്രവൃത്തിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിശേഷിപ്പിക്കുന്നത്.

Update: 2020-04-27 16:40 GMT

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിനു വേണ്ടി പ്ലാസ്മ തെറാപ്പിക്കായി ദാതാക്കളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഡല്‍ഹി സര്‍ക്കാരിന് ആശ്വാസമായി തബ് ലീഗ് പ്രവര്‍ത്തകരുടെ ഇടപെടല്‍. നിസാമുദ്ദീന്‍ മര്‍കസിലെ മതചടങ്ങില്‍ പങ്കെടുത്തെന്ന് ആരോപിച്ച് രാജ്യവ്യാപകമായി തബ് ലീഗ് പ്രവര്‍ത്തകരെ വേട്ടയാടുന്നതിനു തുടക്കമിട്ട ഡല്‍ഹിയില്‍ തന്നെയാണ് ജീവന്‍ രക്ഷാ ദൗത്യവുമായി തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. മതമേതെന്നും നോക്കാതെ എല്ലാവരും പ്ലാസ്മ കൈമാറാന്‍ രംഗത്തുവരണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കൊവിഡ് 19 രോഗികള്‍ക്ക് പ്ലാസ്മ ദാനം ചെയ്യുന്നത്. ഇതോടെ, തബ് ലീഗ് ജമാഅത്ത് അംഗങ്ങളുടെ പ്രവൃത്തിയെ പലരും പ്രകീര്‍ത്തിക്കുകയാണ്. സൂപര്‍ ഹീറോസ്, സൂപര്‍ സേവേഴ്‌സ് തുടങ്ങിയ വാക്കുകളോടെയാണ് പലരും തബ് ലീഗ് പ്രവര്‍ത്തകരുടെ പ്രവൃത്തിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിശേഷിപ്പിക്കുന്നത്. ഒരിക്കല്‍ 'സൂപര്‍ സ്‌പ്രെഡേഴ്‌സ്' എന്ന് ഒരു വിഭാഗം മാധ്യമങ്ങള്‍ വിളിച്ചവര്‍ ഇന്ന് 'സൂപര്‍ സേവേഴ്‌സ്' ആയി മാറിയെന്നാണ് വിശേഷിപ്പിക്കുന്നത്. കൊവിഡ് രോഗികളുടെ പ്രതീക്ഷാ കിരണമായി തബ് ലീഗുകാര്‍ മാറിയെന്നാണ് പലരും പങ്കുവയ്ക്കുന്നത്.

    ഡല്‍ഹിയിലെ ആശുപത്രികളില്‍ കഴിഞ്ഞിരുന്ന 1,068 കൊവിഡ് ബാധിതരായ തബ് ലീഗുകാരില്‍ 300 ഓളം പേരും രണ്ടുതവണ നെഗറ്റീവായിരുന്നു. ഇവരാണ് രാജ്യതലസ്ഥാനത്തെ രോഗികള്‍ക്കായി പ്ലാസ്മ ദാനം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഡല്‍ഹി ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് തബ് ലീഗ് ആസ്ഥാനമായ നിസാമുദ്ദീന്‍ മര്‍കസില്‍ നേരത്തേ നിശ്ചയിച്ച ചടങ്ങി നടന്നതിനെ, പല മാധ്യമങ്ങളും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വേട്ടയാടിയിരുന്നു. രാജ്യത്തെ 23,000 കൊവിഡ് 19 കേസുകളില്‍ അഞ്ചിലൊന്നും മര്‍കസുമായി ബന്ധപ്പെട്ടവരാണെന്നായിരുന്നു പ്രചാരണം. എന്തിനേറെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ഉടനെ തന്നെ മര്‍കസ് ഭാരവാഹികള്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത്തരം നടപടികള്‍ കൊവിഡ് വ്യാപനത്തിനു മുസ് ലിം സമുദായത്തെ കാരണക്കാരാക്കുന്ന വിധത്തില്‍ വരെ പ്രചാരണവിഷയമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ 'സൂപര്‍ സേവേഴ്‌സ്', 'സൂപര്‍ ഹീറോസ്' എന്ന പരാമര്‍ശത്തിനു കാരണമായ പ്രവൃത്തി ചെയ്ത തബ് ലീഗ് പ്രവര്‍ത്തകരുടെ പ്ലാസ്മ വാഗ്ദാനം ധാരണകളെ മാറ്റുമെന്നും വിലയിരുത്തപ്പെടുന്നു.



Tags:    

Similar News