കാസര്‍കോട്ടെ ഭക്ഷ്യവിഷബാധ: കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി; ഭക്ഷ്യസുരക്ഷാ കമ്മീഷണറോട് റിപോര്‍ട്ട് തേടി

Update: 2022-05-01 13:59 GMT

കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറില്‍നിന്ന് റിപോര്‍ട്ട് തേടി. ഭക്ഷ്യവിഷബാധയേറ്റ് ചികില്‍സയിലുള്ളവര്‍ക്ക് ചികില്‍സ ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചെറുവത്തൂര്‍ സ്വദേശിനി ദേവനന്ദ (16) ആണ് കാസര്‍കോഡ് ചെറുവത്തൂരിലെ കൂള്‍ ബാറില്‍നിന്ന് ഷവര്‍മ കഴിച്ച് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയാണ് മരണം. പതിനാലോളം പേര്‍ ചികില്‍സിയില്‍ കഴിയുന്നുണ്ട്. ഭക്ഷ്യവിഷബാധയുണ്ടായ ഷവര്‍മ വിളമ്പിയ സ്ഥാപനത്തിനെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ചെറുവത്തൂരില്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ദേവനന്ദയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളി, ശനി ദിവസങ്ങളില്‍ ഈ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച നിരവധിപേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയിട്ടുണ്ട്. ഏകദേശം 14 പേര്‍ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ കൂടുതലും കുട്ടികളാണ്.

ഭക്ഷ്യവിഷബാധയേറ്റവര്‍ക്കെല്ലാം ഛര്‍ദി, പനി തുടങ്ങിയ ഒരേ ലക്ഷണങ്ങളാണ് പ്രകടമായത്. നേരിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ പ്രാഥമിക ചികില്‍സ ലഭിച്ച ശേഷം വീടുകളിലേക്ക് മടങ്ങി.

Tags:    

Similar News