കശ്മീരി പണ്ഡിറ്റുകള്‍ ഇപ്പോഴും പീഡനമനുഭവിക്കുന്നു; പ്രധാനമന്ത്രിക്കെതിരേ രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: കശ്മീരില്‍ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങള്‍ സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളായി തുടരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരം ആസ്വദിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ നല്ല കാര്യങ്ങള്‍ ബിജെപി നശിപ്പിച്ചെന്നും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
അടുത്തിടെ ഭീകരര്‍ നിരവധി കൊലപാതകങ്ങള്‍ നടത്തിയെന്നും 10 കശ്മീരി പണ്ഡിറ്റ് കുടുംബങ്ങള്‍ ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയിലെ ചൗധരിഗുണ്ട് ഗ്രാമം ഉപേക്ഷിച്ച് ജമ്മുവില്‍ എത്തിയതായും രാഹുല്‍ പറഞ്ഞു. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ അധികാരികള്‍ തയ്യാറല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'കശ്മീരില്‍ ഈ വര്‍ഷം 30 കൊലപാതകങ്ങളാണ് നടന്നത്. പണ്ഡിറ്റുകളുടെ പലായനം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. യുപിഎ നടത്തിയ നല്ല പ്രവര്‍ത്തനങ്ങള്‍ ബിജെപി നശിപ്പിച്ചു'- ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
അധികാരത്തില്‍ വരുന്നതിന് മുമ്പ് വലിയ കാര്യങ്ങളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, അധികാരം ആസ്വദിക്കുകയാണെന്നും കശ്മീരി പണ്ഡിറ്റുകള്‍ സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെ എട്ടു വര്‍ഷത്തെ ഭരണകാലത്തെ ദുരവസ്ഥയെക്കുറിച്ച് മോദി സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്നും അവരുടെ ലക്ഷ്യംവച്ചുള്ള കൊലപാതകങ്ങളില്‍ മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.