കവളപ്പാറയിൽ ജിപിആർ റഡാർ പരാജയം; മൃതദേഹങ്ങൾ കണ്ടെത്താൻ സാധിക്കില്ല
മണ്ണിലെ വെള്ളത്തിന്റെ സാന്നിധ്യം കാരണം മൃതദേഹങ്ങൾ കണ്ടെത്താൻ സാധിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ജലസാന്നിധ്യം മൂലം റഡാര്‍ കിരണങ്ങള്‍ക്ക് മണ്ണിനടയിലേയ്ക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഇതാണ് തടസ്സമുണ്ടാക്കുന്നതെന്നുമാണ് ഹൈദരാബാദില്‍നിന്നുള്ള ശാസ്ത്രജ്ഞന്‍ ആനന്ദ് കെ പാണ്ഡെ പറഞ്ഞു.
കവളപ്പാറ: ഹൈദരാബാദിൽ നിന്നും എത്തിച്ച ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാറുകൾ ഉപയോഗിച്ചുള്ള തിരിച്ചിൽ വിഫലം. മണ്ണിലെ വെള്ളത്തിന്റെ സാന്നിധ്യം കാരണം മൃതദേഹങ്ങൾ കണ്ടെത്താൻ സാധിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ജലസാന്നിധ്യം മൂലം റഡാര്‍ കിരണങ്ങള്‍ക്ക് മണ്ണിനടയിലേയ്ക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഇതാണ് തടസ്സമുണ്ടാക്കുന്നതെന്നുമാണ് ഹൈദരാബാദില്‍നിന്നുള്ള ശാസ്ത്രജ്ഞന്‍ ആനന്ദ് കെ പാണ്ഡെ പറഞ്ഞു. പ്രദേശത്ത് മികച്ച രീതിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചിലിന് തടസ്സം നേരിട്ടതോടെ വയനാട്ടിലെ പുത്തുമലയിലേക്ക് പോകുന്നതും സംഘം മാറ്റിവച്ചു. ഇതേ സാഹചര്യം തന്നെയാണ് പുത്തുമലയിലുള്ളത്. പ്രദേശത്ത് വലിയതോതില്‍ വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഹൈദരാബാദില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഗ്രൗണ്ട് പെനിട്രേറ്റിങ്ങ് റഡാര്‍ സംവിധാനം കരിപ്പൂരില്‍ എത്തിച്ചത്. ദുരന്തമേഖലയിലെ ചതുപ്പ് നിറഞ്ഞ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിക്കാതെ വന്നതോടെയാണ് റഡാര്‍ സംവിധാനം എത്തിച്ചത്. അതേസമയം, ഇന്ന് നടത്തിയ തിരച്ചിലില്‍ ആറുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിട്ടുണ്ട്. ഇതോടെ മരണസംഖ്യം 46ആയി. ഇനി ഇവിടെ 13 പേരെക്കൂടി കണ്ടെത്താനുണ്ട്. അതേസമയം, തിരച്ചിലിന് തടസ്സമായി പ്രദേശത്ത് അതിശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. ഇതോടെ തിരച്ചില്‍ പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്.