തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ഇന്ന് നടന്ന മല്‍സരങ്ങളില്‍ ഏരീസ് കൊല്ലത്തിനും ആലപ്പി റിപ്പിള്‍സിനും ജയം. ആദ്യ മല്‍സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെതിരേ എട്ട് വിക്കറ്റിന്റെ ജയമാണ് ഏരീസ് കൊല്ലം നേടിയത്. 105 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കൊല്ലം സെയ്‌ലേഴ്‌സ് 16.4 ഓവറില്‍ രണ്ടു വിക്കറ്റു നഷ്ടത്തില്‍ വിജയ റണ്‍സ് കുറിച്ചു. കൊല്ലത്തിനായി അഭിഷേക് നായര്‍ അര്‍ധ സെഞ്ചറി തികച്ചു.
ടോസ് ലഭിച്ച കൊല്ലം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. കാലിക്കറ്റ് 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 104 റണ്‍സ് ആണ്. ഓപ്പണര്‍ അരുണ്‍ കെ.എയാണ് കാലിക്കറ്റിന്റെ ടോപ് സ്‌കോറര്‍. 37 പന്തുകള്‍ നേരിട്ട അരുണ്‍ 38 റണ്‍സെടുത്തു പുറത്തായി. കൊല്ലത്തിനു വേണ്ടി കെ.എം. ആസിഫ് മൂന്നു വിക്കറ്റുകളും ബേസില്‍ എന്‍.പി, സച്ചിന്‍ ബേബി എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ അഭിഷേക് നായര്‍ അര്‍ധ സെഞ്ചറി നേടിയതോടെ കൊല്ലം വിജയമുറപ്പിച്ചു. നാലു സിക്‌സുകളും മൂന്നു ഫോറുകളും അടക്കം 61 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 22 പന്തില്‍ 19 റണ്‍സെടുത്തു പുറത്തായി. എന്നാല്‍ വത്സല്‍ ഗോവിന്ദിനെ (23 പന്തില്‍ 16) കൂട്ടുപിടിച്ച് അഭിഷേക് നായര്‍ കൊല്ലത്തെ വിജയത്തിലെത്തിക്കുകയായിരുന്നു.
ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ 33 റണ്‍സ് വിജയമാണ് ആലപ്പി റിപ്പിള്‍സ് സ്വന്തമാക്കിയത്. ആലപ്പിയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണ്. ആലപ്പി ഉയര്‍ത്തിയ 146 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ട്രിവാന്‍ഡ്രം റോയല്‍സ് 112 റണ്‍സെടുത്തു പുറത്തായി. ആലപ്പിക്കായി ഫാസില്‍ ഫനൂസ്, ആനന്ദ് ജോസഫ് എന്നിവര്‍ നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തി. 31 പന്തില്‍ 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ അബ്ദുല്‍ ബാസിത്താണ് റോയല്‍സിന്റെ ടോപ് സ്‌കോറര്‍.