കേരളാ ക്രിക്കറ്റ് ലീഗിന് തുടക്കം; ആദ്യ ജയം ആലപ്പി റിപ്പിള്‍സിന്; പൊളിച്ചടക്കി അസ്ഹറുദ്ദീന്‍
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിലെ ആദ്യ മല്‍സരത്തില്‍ തൃശ്ശൂര്‍ ടൈറ്റന്‍സിനെതിരേ ആലപ്പി റിപ്പിള്‍സിന് ജയം. അഞ്ചുവിക്കറ്റിന്റെ ജയമാണ് ആലപ്പി റിപ്പിള്‍സ് നേടിയത്. ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ആലപ്പിക്ക് ജയമൊരുക്കിയത്. തൃശ്ശൂര്‍ ടൈറ്റന്‍സ് ഉയര്‍ത്തിയ 162 റണ്‍സ് ലക്ഷ്യം 18.3 ഓവറില്‍ ആലപ്പി പിന്തുടര്‍ന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ആലപ്പി സ്‌കോര്‍ പിന്തുടര്‍ന്നത്. 47 പന്തില്‍ താരം 92 റണ്‍സെടുത്തു. സെഞ്ചുറിക്ക് എട്ടു റണ്‍സ് അകലെയാണ് അസ്ഹറുദ്ദീന്‍ പുറത്തായത്.
മൂന്നാം വിക്കറ്റില്‍ വിനൂപ് മനോഹരനെ കൂട്ടുപിടിച്ച് അസ്ഹര്‍ 84 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കി.വിനൂപ് 27 പന്തില്‍ നിന്ന് രണ്ടു വീതം സിക്സും ഫോറുമടക്കം 30 റണ്‍സെടുത്തു. അക്ഷയ് ടി.കെ (18*) പുറത്താകാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ തൃശൂര്‍ ടൈറ്റന്‍സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 161 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ അക്ഷയ് മനോഹറിന്റെ ഇന്നിങ്സാണ് അവര്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 44 പന്തില്‍ അക്ഷയ് അഞ്ചു സിക്സും ഒരു ഫോറുമടക്കം 57 റണ്‍സെടുത്ത് ടൈറ്റന്‍സിന്റെ ടോപ് സ്‌കോററായി.വിഷ്ണു വിനോദ് (22), അഹമ്മദ് ഇമ്രാന്‍ (23), ക്യാപ്റ്റന്‍ അര്‍ജുന്‍ വേണുഗോപാല്‍ (20) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ആലപ്പി റിപ്പിള്‍സിനായി ആനന്ദ് ജോസഫ് മൂന്നും ഫാസില്‍ ഫാനൂസ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.